ചിക്കൻ,​ മട്ടൺ,​ ബീഫ് സ്ഥിരം രുചികളിൽ നിന്നും മാറി ചിന്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഐറ്റമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. നാടൻ രുചിയിൽ ഒന്നാന്തരമൊരു മുയൽ റോസ്‌റ്റ്.

എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം. ആദ്യം കഴുകി വൃത്തിയാക്കിയ മുയൽ ഇറച്ചിയിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി ചേർത്ത് പിടിപ്പിക്കുക. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ഇടുക.

ഇതിലേക്ക് മുളക് പൊടി. മല്ലിപ്പൊടി, മീറ്റ് മസാല, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റിയെടുക്കാം. പാകമാകുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന ഇറച്ചി കഷ്‌ണങ്ങൾ കൂടി ഇട്ടു കൊടുക്കാം. ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിക്കാം.

മറ്റൊരു പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് വറുക്കാം. ഇതിലേക്ക് ചെറുതായി കൊത്തിയരിഞ്ഞ് വച്ചിരിക്കുന്ന തേങ്ങാകഷ്‌ണങ്ങളും സവാളയും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുത്ത ശേഷം വേവിച്ച് വച്ചിരിക്കുന്ന മുയൽ ഇറച്ചിയിലേക്ക് ചേർത്ത് കൊടുക്കാം.

അടിപൊളി രുചിയാണ്. വീട്ടിലെത്തുന്ന അതിഥികൾക്കും കുട്ടികൾക്കുമെല്ലാം സന്തോഷത്തോടെ വിളമ്പാൻ പറ്റിയ കിടിലൻ വിഭവമാണെന്ന കാര്യത്തിൽ തർക്കമില്ല.

food