election-

ന്യൂഡൽഹി: രാജ്യത്തെ പ്രഥമ പൗരനെ കണ്ടെത്തുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നിലവിലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിന്ന് വളരെയേറെ വ്യത്യസ്‌തമാണെന്ന് എല്ലാവർക്കുമറിയാം. രാജ്യത്ത് 2004 മുതലുള്ള നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 127 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ്. എന്നാൽ എന്തുകൊണ്ടായിരിക്കും ഇപ്പോഴും രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ബാലറ്റ് പെട്ടികൾ ഉപയോഗിക്കുന്നത്?

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പെട്ടി

ഇന്ത്യയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മാത്രമല്ല, ഉപരാഷ്ട്രപതി, രാജ്യസഭാംഗങ്ങൾ, സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാറില്ല.

ലോക്‌സഭാ, നിയമസഭാ തുടങ്ങിയ നേരിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ വോട്ടുകളുടെ മൊത്തം എണ്ണത്തെയാണ് പരിഗണിക്കുന്നത്. വോട്ടർമാർ അവർക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്തുന്നു. കൂടൂതൽ വോട്ടുകൾ നേടുന്നയാൾ വിജയിക്കും.

election-

എന്നാൽ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ചാണ് ഒറ്റ കൈമാറ്റ വോട്ടിലൂടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടറുടെ മുൻഗണനയാണ് ഇവിടെ പരിഗണിക്കുന്നത്. ഓരോ ഇലക്ടർക്കും 1,2,3, 4,5 എന്നിങ്ങനെ സ്ഥാനാർത്ഥികളെ മുൻഗണനാ ക്രമത്തിൽ അടയാളപ്പെടുത്താം.

ഓരോ വോട്ടറും ഇത്തരത്തിൽ തങ്ങളുടെ ചോയ്‌സ് അനുസരിച്ച് ബാലറ്റ് പേപ്പറിൽ മുൻഗണനാ ക്രമം രേഖപ്പെടുത്തും. ഇനി ടെക്‌നോളജി ഉപയോഗിക്കണമെങ്കിൽ തന്നെ നിലവിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ പരിഷ്‌കരണം നടത്തേണ്ടി വരും.

സ്വന്തം പേന ഉപയോഗിച്ചാൽ വോട്ട് അസാധു

എൻ.ഡി.എയുടെ ദ്രൗപതി മുർമുവും പ്രതിപക്ഷ പിന്തുണയുള്ള യശ്വന്ത് സിൻഹയുമാണ് ഇത്തവണ സ്ഥാനാർത്ഥികൾ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എം.പിമാർക്ക് പാർലമെന്റും എം.എൽ.എമാർക്ക് നിയമസഭകളുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങൾ. മുൻകൂർ അനുമതിയോടെ കേന്ദ്രങ്ങൾ മാറ്റാനാകും.

election-

രഹസ്യ വോട്ടെടുപ്പായതിനാൽ തന്നെ ബാലറ്റ് പ്രദർശിപ്പിച്ചാൽ അസാധുവാകും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വന്തം പേന ഉപയോഗിക്കാൻ അനുവാദമില്ല. വോട്ട് രേഖപ്പെടുത്തുന്നതിന് പേന വോട്ടെടുപ്പ് അധികാരിയിൽ നിന്ന് ലഭിക്കും. അംഗങ്ങൾ സ്വന്തം പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാകും.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ

 നാമനിർദ്ദേശ പത്രികസമർപ്പണം ഡൽഹിയിൽ

 50 ഇലക്ടറൽ കോളേജ് അംഗങ്ങൾ നിർദ്ദേശിക്കണം, 50 പേർ പിന്താങ്ങണം

 രാഷ്‌ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാവില്ല

 കോഴ, സ്വാധീനിക്കൽ എന്നിവ റിപ്പോർട്ട് ചെയ്‌താൽ തിരഞ്ഞെടുപ്പ് റദ്ദാകും

 കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും

 പ്ലാസ്റ്റിക്കില്ല, പരിസ്ഥിതി സൗഹൃദ വസ്‌തുക്കൾ മാത്രം

 ഇലക്‌ടറൽ കോളേജ്:

പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ

നിയമസഭാംഗങ്ങൾ

 വോട്ടവകാശമില്ലാത്തവർ: നോമിനേറ്റഡ് അംഗങ്ങൾ, എം.എൽ.സിമാർ

 എം.പിമാർ- 776

എം.എൽ.എമാർ- 4,033

 വോട്ട് മൂല്യം:

എം.പിമാർ- 5,43,200,

എം.എൽ.എമാർ- 5,43,231

ആകെ മൂല്യം- 10,86,431

 2017ൽ രാംനാഥ് കോവിന്ദിന് ലഭിച്ച വോട്ട്: 65.65 %

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ

1982 മേയിൽ കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം) ആദ്യമായി ഉപയോഗിച്ചത്. എന്നാൽ ഉപയോഗം സംബന്ധിച്ച് ഒരു പ്രത്യേക നിയമത്തിന്റെ അഭാവമുണ്ടായിരുന്നതിനാൽ സുപ്രീം കോടതി ആ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. 1989-ൽ പാർലമെന്റ്, 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് തിരഞ്ഞെടുപ്പിൽ ഇ.വി.എം ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥ രൂപകൽപന ചെയ്‌തു.

1998-ൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായി 25 നിയമസഭാ മണ്ഡലങ്ങളിൽ ഇവ ഉപയോഗിച്ചു. 2001 തമിഴ്‌നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇ.വി.എം ഉപയോഗിച്ചു.

പിന്നീട് നടന്ന എല്ലാ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇ.വി.എമ്മുകൾ ഉപയോഗിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ കെെക്കൊണ്ടു. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ 543 പാർലമെന്റ് മണ്ഡലങ്ങളിലായി10 ലക്ഷത്തിലധികം ഇവിഎമ്മുകൾ ഉപയോഗിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.

മുർമുവും സിൻഹയും നേർക്കുനേർ, വിജയമുറപ്പിച്ച് മുർമു

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. ഡൽഹിയിൽ പോളിംഗ് ബൂത്തായി നിശ്ചയിച്ച പാർലമെന്റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലും വോട്ടെടുപ്പ് നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി.

ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം. ആകെയുള്ള 10,86,431 വോട്ടു മൂല്യത്തിൽ ദ്രൗപദി മുർമുവിന് 6.6 ലക്ഷത്തിലധികം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. ജൂലായ് 21നാണ് വോട്ടെണ്ണൽ.

murmu-sinha

കോൺഗ്രസ് സഖ്യകക്ഷികളായ ജാർഖണ്ഡ് മുക്തി മോർച്ച, ശിവസേന തുടങ്ങിയ കക്ഷികളും പ്രതിപക്ഷത്ത് സമാജ്‌വാദി പാർട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഓം പ്രകാശ് രാജ് ഭറിന്റെ സുഹൽ ദേവ് ഭാരതീയ സമാജ് പാർട്ടിയും, അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ യാദവിന്റെ പ്രഗതിഷീൽ സമാജ്‌വാദി പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ദ്രൗപദി മുർമുവിന് 6,60,000 വോട്ടുകൾ ലഭിച്ചേക്കുമെന്ന് ഉറപ്പിച്ചത്.

38 പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോഴുണ്ടായിരുന്ന പിന്തുണ ഇപ്പോഴില്ല. എ.എ.പി പിന്തുണയാണ് അവസാന മണിക്കൂറുകളിലെ ആശ്വാസം. ജാർഖണ്ഡ് മുക്തി മോർച്ച ഉൾപ്പെടെയുള്ളവരുടെ പിന്തുണ നഷ്ടമാകുകയും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളിലേക്ക് വരേണ്ടതില്ലെന്ന് മമത ബാനർജി വ്യക്തമാക്കുകയും ചെയ്തതോടെ പരമാവധി വോട്ട് പിടിക്കാനുള്ള നീക്കം മാത്രമാണ് നടക്കുന്നത്. ഛത്തീസ്ഗഡ്, ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത് യശ്വന്ത് സിൻഹയ്ക്ക് റദ്ദാക്കേണ്ടി വന്നു.

കേരള നിയമസഭയിലെ ഒരു വോട്ട് മുർമുവിന്

ഇന്ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ രേഖപ്പെടുത്തുന്ന ഒരു വോട്ട് ബി ജെ പി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനായിരിക്കും. ഉത്തർപ്രദേശിലെ എൻ ഡി എ എം എൽ എ നീൽരത്തൻ സിംഗാണ് ഇവിടെ ദ്രൗപതി മുർമുവിന് വോട്ടു ചെയ്യുന്നത്. ചികിത്സയ്‌ക്കായി പാലക്കാട്ടെത്തിയതാണ് അദ്ദേഹം. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻകൂർ അനുമതിയോടെ ഇന്ത്യയിലെവിടെയും വോട്ട് ചെയ്യാം.

നീൽരത്തൻ സിംഗിന്റെ വോട്ട് കേരളത്തിലെ കണക്കിൽ ഉൾപ്പെടില്ല. യുപിയിലെ കണക്കിലാകും വോട്ട് എണ്ണുക. തിരുനൽവേലി എം പി ജ്ഞാനതിരവിയം കേരള നിയമസഭിലാണ് വോട്ട് ചെയ്യാൻ എത്തുന്നത്. ഡി എം കെ അംഗമായ അദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയിലാണ്. ഡി എം കെ യശ്വന്ത് സിൻഹയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

election-

കേരളത്തിലെ 140 നിയമസഭാംഗങ്ങളും ഇവിടെ വോട്ടു ചെയ്യും. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ കോൺഗ്രസും ഇടതുപക്ഷവും പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വോട്ടും അദ്ദേഹത്തിനു ലഭിക്കാം.

എച്ച്.ഡി ദേവഗൗഡയുടെ ജനതാദൾ എസ് ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നുവെങ്കിലും കേരളത്തിലെ ജനതാദൾ അംഗങ്ങളായ മന്ത്രി കെ കൃഷ്ണൻകുട്ടിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മാത്യു ടി തോമസും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമെന്നാണു കരുതുന്നത്. ഇരുവരും ഇവിടെ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗങ്ങളാണ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിയമസഭാ മന്ദിരത്തിന്റെ മൂന്നാം നിലയിലെ 740-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്.