e-p-jayarajan

കണ്ണൂർ: മൂന്നാഴ്ച യാത്രാവിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ഉറപ്പിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. വിലക്കേർപ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്നാഴ്ചയെന്നല്ല, നടന്നുപോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ജയരാജന്റെ പ്രതികരണം വന്നതോടെ രാഷ്ട്രീയ എതിരാളികൾ ഉൾപ്പെടെയുള്ളവർ ചിന്തിക്കുന്നത് ഇനി ഏതു സർവീസായിരിക്കും ഇ പി തിരഞ്ഞെടുക്കുക എന്നതാണ്.

തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ ഏറ്റവുമധികം സർവീസ് നടത്തുന്നത് ഇൻഡിഗോ വിമാനങ്ങളാണ്. അതുകഴിഞ്ഞാൽ പിന്നെയുള്ളത് എയർ ഇന്ത്യ. അതാകട്ടെ അധികം സർവീസുകളുമില്ല. ഉള്ള സർവീസിനാണെങ്കിൽ നല്ല പണവും മുടക്കേണ്ടി വരും. 4000 മുതൽ 6000 വരെയാണ് ഇൻഡിഗോ ഈടാക്കുന്നതെങ്കിൽ എയർഇന്ത്യയുടേത് ഏതാണ്ട് 15000 രൂപ അടുപ്പിച്ചാണ്. എൽ ഡി എഫ് കൺവീനർ ആയതുകൊണ്ടുതന്നെ ജയരാജന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ധാരാളം യാത്രകൾ നടത്തേണ്ടി വരും.

എന്നാൽ,​ ഇനി അത്തരം യാത്രകളെല്ലാം ട്രെയിനിലോ റോഡ് മാർഗമോ ആക്കേണ്ടി വന്നേക്കും. അങ്ങനെ വന്നാൽ ഉണ്ടാകുന്ന സമയനഷ്ടം ഏറെയാകും. അതല്ലെങ്കിൽ ചാർട്ടേർഡ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും എത്താൻ ഇൻഡിഗോയേക്കാൾ മികച്ച ഓപ്‌ഷൻ ഇല്ല എന്നതാണ് വസ്തുത.

"കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. ഇനി നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഞാൻ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണെന്ന് മനസിലായി.

ഇൻഡിഗോ കമ്പനിയിൽ യാത്ര ചെയ്തില്ലെന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. മാന്യമായ വേറെ പല വിമാന കമ്പനികളും ഉണ്ട്. ആ വിമാനങ്ങളിലേ ഇനി പോകൂ. കുറ്റവാളികൾക്ക് നേരെ നടപടിയെടുക്കാനല്ല ഇൻഡിഗോ താത്പര്യം കാണിച്ചത്. അവരുടെ വിമാനക്കമ്പനി അപകടത്തിലാണെന്ന് പല സ്ഥലത്തുനിന്നും വാർത്തകൾ വരുന്നുണ്ട്.'- ഇങ്ങനെയായിരുന്നു ജയരാജന്റെ പ്രതികരണം.