scrub-typhus

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം. തിരുവനന്തപുരം കിളിമാനൂർ സ്വദേശി രതീഷ് - ശുഭ ദമ്പതികളുടെ മകൻ സിദ്ധാർത്ഥാണ് (11) മരിച്ചത്. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

നാലു ദിവസം മുന്‍പാണ് കുട്ടിക്ക് പനി ബാധിച്ചത്. അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. ഇവിടെ നിന്ന് എസ്എടി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം രണ്ട് ചെള്ളുപനി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ വർഷം ആദ്യം ചെള്ളുപനി ബാധിച്ച് മരിച്ചത് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതിയാണ്. വർക്കല അയന്തി പറങ്കിമാംവിള വീട്ടിൽ ഷാജി ദാസിന്റേയും അനിതയുടെയും മകളാണ്. ഇവരുടെ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു. ഒരാഴ്‌ചയ്ക്കിപ്പുറം പാറശ്ശാല സ്വദേശി സുബിത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞവർഷം ആറും 2020ൽ എട്ടും പേർ ചെള്ളു പനി ബാധിച്ച് മരിച്ചിരുന്നു. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിൽ സങ്കീർണമാകും. രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസഹായം തേടണം.