sreeraman

ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, എന്നിവർ പാലിച്ച ധർമ്മാചരണങ്ങൾ മഹദ് സത്യങ്ങളാണ്. അതുകൊണ്ടുതന്നെ അവ നമുക്ക്
എന്നും മാർഗദർശികളാണ്. മക്കൾ പിതാവിനോട് എങ്ങനെ പെരുമാറണം, അമ്മയോടുള്ള കടമ എപ്രകാരം നിർവഹിക്കണം, ധർമ്മപത്നിയോട് ഭർത്താവിന്റെ സ്‌നേഹവാത്സല്യം ഏതു വിധത്തിലായിരിക്കണം, കൂടെപ്പിറന്നവരെ എങ്ങനെ സ്‌നേഹിക്കണം, യജമാനനെ എങ്ങനെ ആദരിക്കണം, ശിഷ്യനെയും ആശ്രിതനെയും ഹൃദയപൂർവം കരുതേണ്ടത് എങ്ങനെ എന്നിവയെല്ലാം പ്രാവർത്തികമാക്കി ജീവിച്ചുകാണിച്ചുതന്നു,
ശ്രീരാമചന്ദ്രൻ. ഇതിനെയാണ് സാമാന്യധർമ്മം എന്നുപറയുന്നത് അച്ചടക്കത്തോടെ സാമാന്യധർമ്മ രീതികൾ പിന്തുടർന്നുപോന്നാൽ
പടിപടിയായി ഉയർന്ന് ഒടുവിൽ ആത്മീയ ഔന്നത്യം ലഭിക്കുന്നു. അപ്പോൾ
ജഗദ്പ്രഭുവായ ഈശ്വരന്റെ പാദാരവിന്ദങ്ങളല്ലാതെ മറ്റൊന്നും മികച്ചതായി തോന്നുകയില്ല. ഈ ഉന്നതനിലയാണ് 'ശേഷ ധർമ്മം'. ലക്ഷ്മണൻ ശ്രീരാമനെ പിന്തുടർന്നു ജീവിച്ചുകാണിച്ചുതന്ന ഉത്കൃഷ്ടതാപൂർണമായ രീതി ഈ വിധത്തിലുള്ളതാണ്.
വളരെ ദൂരത്താണെങ്കിലും എപ്പോഴും ദൈവചിന്തയോടുകൂടി ഇരിക്കുകയാ
ണ് 'വിശേഷ ധർമ്മം'. എന്തിലുമുപരി ഒന്നിനോടും മമതയില്ലാത്ത നിസ്സീമമായ
ഭക്തി. ഭരതന്റെ ജീവിതം അതായിരുന്നു. ദൈവത്തേക്കാൾ ദൈവത്തിന്റെ ശിഷ്യസത്തമന്മാർക്ക് സേവനം ചെയ്തു മേൽഗതി പ്രാപിക്കുന്നത് 'വിശേഷശര ധർമ്മ'മാകുന്നു. ഭരതന് അഹമഹമികയാ സേവചെയ്ത് ആത്മനിർവൃതിയിൽ ആ നില പ്രാപിച്ചവനാണ് ശത്രുഘ്നൻ.

ഇപ്രകാരമുള്ള രാമായണധർമ്മങ്ങൾ പാലിച്ചുജീവിച്ചാൽ ജീവിതത്തിന്റെ അനുഭൂതിപൂർണമായ സൗന്ദര്യം അനുഭവവേദ്യമാകും. ജീവിതധർമ്മങ്ങൾ പാലിക്കാനുള്ള പ്രതിജ്ഞാബദ്ധത ധന്യമായ രാമായണചിന്തകളുടെ ഭാഗമാണുതാനും.