aa-rahim-k-sudhakaran

മഹിളാ കോൺഗ്രസിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണത്തിനെതിരെ എ എ റഹീം എം പി. മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധവും അതിനെ ന്യായീകരിച്ച കെപിസിസി അദ്ധ്യക്ഷന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. പലതവണയായി മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് സംബോധന ചെയ്ത അതേ മലിനമായ നാക്കുകൊണ്ടാണ് ഇപ്പോൾ സഖാവ് എം എം മണിക്കെതിരെയും സുധാകരൻ അധിക്ഷേപിച്ചിരിക്കുന്നത്. എം എം മണി കറുത്തവനാണ്, ആ കറുത്തയാൾ മന്ത്രിയും എംഎൽഎ യുമൊക്കെ ആകുന്നത് ഒട്ടും സഹിക്കാനാകാത്തവിധം വംശീയ വിദ്വേഷമാണ് കോൺഗ്രസിനെ നയിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമായി എന്നും റഹീം കുറിച്ചു.

മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒരുപോലെയല്ലേ. ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടനല്ലേ പോയി പറയേണ്ടത് എന്നുമായിരുന്നു സുധാകരൻ പ്രതികരിച്ചത്. കെ കെ രമയ്‌ക്കെതിരെ മണി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് നിയമസഭാ മാർച്ച് നടത്തിയത്. ചിമ്പാൻസിയുടെ ശരീരവും മണിയുടെ തലയും വച്ചുള്ള കട്ടൗട്ടാണ് മാർച്ചിന് പ്രവർത്തകർ ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് ഒളിപ്പിക്കുകയായിരുന്നു. ഉദ്ഘാടനത്തിനെത്തിയ വി ഡി സതീശൻ പാതി വഴിക്ക് മടങ്ങുകയും ചെയ്തു..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മഹിളാ കോൺഗ്രസ്സ് നടത്തിയ പ്രതിഷേധവും അതിനെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സഖാവ് എം എം മണി കറുത്തവനായത്,

ആ കറുത്തയാൾ മന്ത്രിയും എംഎൽഎ യുമൊക്കെ ആകുന്നത് ഒട്ടും സഹിക്കാനാകാത്തവിധം വംശീയ വിദ്വേഷമാണ് കോൺഗ്രസ്സിനെ നയിക്കുന്നത് എന്ന് വ്യക്തമാകുന്നതാണ് ഈ നടപടി.

സർക്കാരിനെതിരെ കാതലായ ഒരു പ്രശ്നവും ഉയർത്താനില്ലാതെ വരുമ്പോൾ കോൺഗ്രസ്സിന്റെ വിമർശനങ്ങളെല്ലാം വ്യക്തിപരമായ അക്രമങ്ങളാകുന്നു,ഇപ്പോൾ വ്യക്തികളുടെ നിറവും,രൂപവുമെല്ലാം പറഞ്ഞാണ് പ്രതിപക്ഷ ധർമ്മം അവർ നിർവഹിക്കുന്നത്.

എത്രയധികം നിന്ദ്യവും നീചവുമായ മനസ്സിന്റെ ഉടമകളാണ് തങ്ങളെന്ന് കോൺഗ്രസ്സ് തെളിയിക്കുകയാണ്.

പലതവണയായി മുഖ്യമന്ത്രിയെ ചെത്തുകാരന്റെ

മകനെന്ന് സംബോധന ചെയ്ത അതേ മലിനമായ നാക്കുകൊണ്ടാണ് ഇപ്പോൾ

സഖാവ് എം എം മണിക്കെതിരെയും

ശ്രീ സുധാകരൻ അധിക്ഷേപിച്ചിരിക്കുന്നത്.

ചെത്താൻ പോകുന്നവരും കറുത്തനിറമുള്ളവരും മനുഷ്യരാണെന്നും അവരൊക്കെയും ചേർന്നതാണ് ഇന്ത്യയെന്നും കെപിസിസി അധ്യക്ഷന് ആരാണ് പറഞ്ഞു കൊടുക്കുക.

കോൺഗ്രസ്സ് അധ്യക്ഷൻ പറയുന്ന നിലപാട് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ അവസാന വാക്കാണ് എന്നാണല്ലോ വയ്പ്പ് അങ്ങനെയെങ്കിൽ കോൺഗ്രസ്സിന്റെ ഈ നിലപാട് എത്ര നിന്ദ്യവും മനുഷ്യത്വ വിരുദ്ധവുമാണ് ??

ആ പാർട്ടിയിൽ തന്നെയുള്ള കറുത്ത നിറമുള്ളവർ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക??

മനുഷ്യത്വ വിരുദ്ധമായ ഇത്തരം പ്രസ്താവനകൾ

ഇനിയും സുധാകരനിൽ നിന്നും പ്രതീക്ഷിക്കാം.