indigo-ep

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോ കമ്പനിയ്ക്ക് നേരെ ട്രോൾ പൊങ്കാല. ഇവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി നിരവധിയാളുകൾ എത്തുകയാണ്.

നിനക്കൊക്കെ പറക്കാൻ അല്ലെ അറിയൂ,​ സഖാവിന് പറപ്പിക്കാൻ അറിയാമെടാ എന്ന തരത്തിലുള്ള കമന്റുകൾ ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. ചിത്രങ്ങൾ സഹിതം കമന്റ് ചെയ്യുന്നവരുമുണ്ട്. ചിലർ ഇൻഡിഗോയുടെ വില ചോദിച്ചും എത്തുന്നുണ്ട്.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇ.പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് കമ്പനി ഏർപ്പെടുത്തിയത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച വിലക്കേർപ്പെടുത്തി. ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. അന്വേഷണ സമിതി ഇ പി ജയരാജനിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു.

ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്കേർപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ജയരാജൻ എത്തിയിരുന്നു. മൂന്നാഴ്ചയെന്നല്ല, നടന്നുപോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണിത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനക്കമ്പനിയെടുത്തില്ല. ഇൻഡിഗോ കമ്പനി മാന്യന്മാരുടെതായിരുന്നെങ്കിൽ ചീത്തപ്പേരുണ്ടാക്കാതിരിക്കാൻ ശ്രമിച്ചതിന് തനിക്ക് അവർ പുരസ്‌കാരം തരുമായിരുന്നെന്നും ജയരാജൻ വ്യക്തമാക്കി.

'സംഭവം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡിഗോ കമ്പനി തെറ്റായ നടപടിയാണ് എടുത്തിരിക്കുന്നത്. അവർ എനിക്ക് മൂന്നാഴ്ചയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഞാൻ ഇനി ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യില്ല. ഇത്ര നിലവാരമില്ലാത്ത ഒരു കമ്പനിയാണെന്ന് ഞാൻ മനസിലാക്കിയില്ല.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. ഇനി നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഞാൻ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണെന്ന് മനസിലായി.

ഇൻഡിഗോ കമ്പനിയിൽ യാത്ര ചെയ്തില്ലെന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. മാന്യമായ വേറെ പല വിമാന കമ്പനികളും ഉണ്ട് . ആ വിമാനങ്ങളിലേ ഇനി പോകൂ. കുറ്റവാളികൾക്ക് നേരെ നടപടിയെടുക്കാനല്ല ഇൻഡിഗോ താത്പര്യം കാണിച്ചത്. അവരുടെ വിമാനക്കമ്പനി അപകടത്തിലാണെന്ന് പല സ്ഥലത്തുനിന്നും വാർത്തകൾ വരുന്നുണ്ട്.'- ജയരാജൻ പറഞ്ഞു.