
വനിതാ ചലച്ചിത്ര മേളയിൽ തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച യുവ സംവിധായിക കുഞ്ഞില മാസിലാമണിയ്‌ക്ക് പിന്തുണയുമായി എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ മേനോൻ. വർഷങ്ങൾക്ക് മുമ്പ് ഒരു വനിതാ ഫിലിം ഫെസ്റ്റിവലിൽ ഉണ്ടായ ഒരു സംഭവത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ശ്രീബാല ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്.
വേദിയിലുണ്ടായിരുന്ന ചലച്ചിത്ര പ്രവർത്തകരോട് അവിടെയെത്തിയ ഒരു സ്ത്രീ ചോദ്യം ഉന്നയിച്ചെങ്കിലും സമയം നീണ്ടുപോയെന്ന കാരണം പറഞ്ഞ് അവരെ അപമാനിക്കുകയായിരുന്നു. ഒടുവിൽ അവരുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ മതിയോയെന്ന് ചോദിച്ചു അടുത്തേക്ക് ചെല്ലുകയായിരുന്നു. അടുത്ത സിനിമയ്‌ക്ക് എല്ലാവരും പോയപ്പോൾ അവർ വല്ലാതെ വിഷമിച്ച് മകളെ കുറിച്ച് പറയാൻ തുടങ്ങി.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന മകളോട് അവിടത്തെ അദ്ധ്യാപകൻ മോശമായി പെരുമാറിയതിന് കേസ് കൊടുത്തിരിക്കുകയാണ്. അതോടെ അവിടെ എല്ലാവരുടെയും കണ്ണിലെ കരടായി അവൾ. വർഷങ്ങൾക്കിപ്പുറം അവളൊരു സിനിമയെടുത്തു. അന്ന് അവളുടെ അമ്മയുടെ ചോദ്യത്തിന് മറുപടി പറയാൻ വിമുഖത കാട്ടിയവർ പിന്നീടവളെ പൊന്നാടയണിയിച്ചു.
കഴിഞ്ഞ ദിവസം തന്റെ സിനിമ പ്രദർശിപ്പിക്കാത്തതെന്തെന്ന് ചോദ്യം ചോദിച്ചതിന് അവളെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സത്യത്തിന് വേണ്ടി എപ്പോഴും ധീരമായി പോരാടുന്ന മകളെയാണ് കേരളം മാനസിക രോഗിയാക്കി മാറ്റിയിരിക്കുന്നതെന്നും ശ്രീബാല കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്ഫെ പൂർണരൂപം വായിക്കാം...
വനിതകൾക്ക് വേണ്ടിയുള്ള ഫിലിം ഫെസ്റ്റിവലിന്റെ ആദ്യത്തെ എഡിഷനിൽ പങ്കെടുത്ത് Question and answer സെക്ഷനിൽ ഇരുന്ന് മറുപടി പറയുകയായിരുന്നു ഞാൻ . അന്ന് March 8 ആയിരുന്നു. കോഴിക്കോട് ഉള്ള സുഹൃത്തുക്കളും വനിത സിനിമ പ്രവർത്തകരും എല്ലാവരും ഉണ്ടായിരുന്നു.
ഒരു സ്ത്രീ ചോദ്യം ചോദിച്ചു. എന്നോടായിരുന്നില്ല. അതിന് ഉത്തരം നൽകുന്നതിന് മുമ്പ് സമയം നീണ്ടു പോയി എന്ന കാരണം പറഞ്ഞ് ആ Question answer Section പെട്ടെന്ന് സംഘാടകർ അവസാനിപ്പിച്ചു. അവർ ആകെ അപമാനിതയായി നിന്നു. ഞാനവരെ തന്നെ നോക്കി എന്ത് പറയണം എന്നറിയാതെ .
അവർ സംഘാടകരോട് കയർക്കുന്നുണ്ടായിരുന്നു. അപമാനിക്കപ്പെട്ട രീതിയിൽ അവർക്ക് മാത്രം ഉത്തരം നൽകാതെ അത് തീർത്തത് കൊണ്ട് . അവരുടെ ആ അപമാനം ഞാനും കൂടി ഉത്തരം പറയാൻ ഇരുന്ന ഒരു വേദി ആയത് കൊണ്ട് എനിക്ക് മാനസിക പ്രശ്നം ഉളവാക്കി. നിങ്ങളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ മതിയോ എന്ന് ചോദിച്ച് ഞാൻ അവിടെ തന്നെ നിന്നു .
അടുത്ത സിനിമ കാണാൻ എല്ലാവരും പോയപ്പോൾ ഞങ്ങൾ മാത്രമായി. അവർ വല്ലാതെ വിഷമിച്ച് കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ് കരച്ചിലിന്റെ വക്ക് വരെ എത്തി. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്തുള്ള ജ്യൂസ് ഷോപ്പിൽ ചെന്നിരുന്നു. കുറേ നേരം കഴിഞ്ഞാണ് എനിക്ക് കാര്യം മനസ്സിലാവാൻ തുടങ്ങിയത്.
അവരുടെ മകൾ കൽക്കട്ടയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു. അവിടത്തെ ഒരു അദ്ധ്യാപകൻ മോശമായി പെരുമാറിയത് കൊണ്ട് പരാതി കൊടുത്ത് അതിന്റെ കേസുമായി മുന്നോട്ട് പോവുകയാണ്. അന്ന് me too എന്ന പ്രയോഗം ഒന്നും ഉണ്ടായിട്ടില്ല. ഞാനവരെ കേട്ടു.
ഒരു രണ്ട് മണിക്കൂർ നേരം . ആ കേസിന്റെ തുടർന്ന് എല്ലാവരുടേയും കണ്ണിലെ കരടായി മാറിയ ഒരു കുട്ടിയുടെ മാതാവിന്റെ വിഷമം. അതിന് ശേഷം ആ കേസുമായി ബന്ധപ്പെട്ട് ആ കുടുംബം കടന്ന് പോയ പോരാട്ടത്തിൽ ആ അമ്മയുടെ കൂടെ എപ്പോഴൊക്കെയോ ഞാനും ഉണ്ടായിരുന്നു. അവരുടെ മകൾ പഠിത്തം കഴിഞ്ഞ് അവിടെ നിന്ന് പുറത്ത് വന്നു. കേസ് ഇപ്പോഴും തീർന്നിട്ടില്ല.
ആ മകൾ ഏറെ അലച്ചലുകൾക്കൊടുവിൽ ഒരു സിനിമ ചെയ്യുന്നു. കേരളത്തിലെ മുഖ്യധാര കണ്ടു എന്ന് പോലും നടിക്കാതെ വിട്ട സ്ത്രീകൾ മുന്നിട്ട് നിന്ന് നയിച്ച BBC ൽ പോലും വാർത്ത വന്ന മൂത്രമൊഴിക്കാൻ വേണ്ടിയുള്ള ഒരു തൊഴിൽ സമരത്തെ കുറിച്ച് .
അസംഘടിതരെ കുറിച്ച് . ആ അമ്മയോട് ഉത്തരം പറയാൻ വിമുഖരായവർ ആ മകളെ പൊന്നാട അണിയിച്ചപ്പോൾ സന്തോഷമായില്ലേ എന്ന് ചോദിച്ച് വീണ്ടും ഒരു March 8 ന് ഞങ്ങൾ സംസാരിച്ച് ചിരിച്ചു. ഇന്നലെ അവരുടെ മകളെ ആ സിനിമ എന്ത് കൊണ്ട് വനിത ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ വന്നപ്പോൾ വിളിച്ച മുദാവാക്യങ്ങളുടെ പേരിൽ പോലീസ് വേദിയിൽ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നു.
ആ അമ്മ എറണാകുളത്ത് നിന്ന് വിഷമിച്ച് വീണ്ടും രാത്രി മകളുടെ അടുത്തേക്ക് ഓടുവാൻ തയ്യാറായി നിൽക്കുന്നു. എപ്പോഴും സത്യത്തിനായി ധീരമായി പോരാടുന്ന ഒരു മകളെ മാനസിക രോഗിയാക്കി കേരളം മാറ്റുന്നത് കണ്ട് എന്ത് പറയണമെന്നറിയാതെ ഞാനും .