juspaid

കൊച്ചി: കാക്കനാട് ആസ്ഥാനമായുള്ള ജസ്‌പെയ്ഡ് ഇ-കൊമേഴ്‌സ് രംഗത്തേക്കും. ജസ്‌പെയ്ഡിന്റെ ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോം ഉദ്ഘാടനം കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എയും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ എ.എൻ.രാജൻബാബു നിർവഹിച്ചു.

ഇന്ത്യൻ ഇ-കൊമേഴ്‌സ് മേഖലയുടെ മൂല്യം 25,000 കോടി ഡോളറിന്റേതാണെന്നും അതിവേഗം വളരുന്ന ഈ രംഗത്ത് കമ്പനി കൂടുതൽ നിക്ഷേപം നടത്തുമെന്നും ചെയർമാൻ ടി.എ.നിസാർ, മാനേജിംഗ് ഡയറക്‌ടർ ടി.എ.നിഷാദ് എന്നിവർ പറഞ്ഞു. 2021 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിച്ച കമ്പനിക്കുകീഴിൽ മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലായി 12 സൂപ്പർമാർക്കറ്റുകളുണ്ട്.

100ലേറെ കമ്പനികളുടെ 1,500ലധികം ഉത്‌പന്നങ്ങൾ നിലവിൽ കമ്പനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലുണ്ട്. ഇന്ത്യാ പോസ്‌റ്റുമായുള്ള സഹകരണത്തോടെ ഇന്ത്യയിലെവിടെയും ഉപഭോക്താക്കൾക്ക് ഏഴ് ദിവസത്തിനകം ഉത്‌പന്നങ്ങളെത്തിക്കും. 2024ഓടെ കേരളത്തിലെ എല്ലാ പോസ്‌റ്റോഫീസുകൾക്ക് സമീപവും ചുരുങ്ങിയത് ഏഴ് ജീവനക്കാരുള്ള ഔട്ട്‌‌ലെറ്റുകളും തുടങ്ങും. ഇതിലൂടെ ഒരുലക്ഷം കോടി രൂപ വിറ്റുവരവും പരമാവധി തൊഴിലവസരങ്ങളും സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്ന് ടി.എ.നിസാർ പറഞ്ഞു. ചടങ്ങിൽ സൈമി ജിക്‌സൺ, റാഫി മതിലകം, എൻ.ജെ.ജിക്‌സൺ തുടങ്ങിയവരും സംബന്ധിച്ചു.

ജസ്‌പെയ്ഡ്.കോം

ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്ന് ജസ്‌പെയ്ഡ് മൊബൈൽആപ്പ് ഡൗൺലോഡ് ചെയ്‌തോ ജസ്‌പെയ്ഡ്.കോം വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് സൗജന്യമായി രജിസ്‌റ്റർ ചെയ്യാം.