agneepath

2022 ജൂണ്‍ 14ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് എന്ന ഹ്രസ്വ സൈനികസേവന പദ്ധതിക്കെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പദ്ധതിക്കെതിരെ ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്. ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആണ് പ്രധാനമായും പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ അഗ്‌നിപഥ് പദ്ധതി സൈന്യത്തെ ഊര്‍ജിതമാക്കാനും യുവത്വത്തിന്റെ കഴിവും സാങ്കേതികത്തികവും വിനിയോഗിക്കാനും സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.


18 വയസില്‍ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത് നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് നാലുകൊല്ലം രാഷ്ട്രത്തെ സേവിക്കാനാകും. ഈ നാലു കൊല്ലത്തിനിടയില്‍ യോദ്ധാവിന് ബിരുദം നേടാനും മാസം 30,000ത്തിനും 40,000ത്തിനും ഇടയില്‍ വേതനം ലഭിക്കുകയും ചെയ്യും. നാല് കൊല്ലം കഴിയുമ്പോള്‍ 12 ലക്ഷത്തോളം രൂപ വാങ്ങി പിരിയുകയോ അല്ലെങ്കില്‍ മികവോടെ ഒരു 11 വര്‍ഷം കൂടി സൈന്യത്തിലോ സിആര്‍പിഎഫിലോ തുടരുകയും ചെയ്യാം. ജോലിക്കിടയിൽ മരണപ്പെട്ടാലും കോടികളാണ് ബന്ധുക്കൾക്ക് ധനസഹായമായി ലഭിക്കുന്നത്.


ഭൗതികമായ ഇത്തരം നേട്ടങ്ങൾക്കുപരി അഗ്നിപഥ് പദ്ധതി യുവതീ യുവാക്കളുടെ മികവുറ്റ ഒരു തലമുറയെ വാർത്തെടുക്കാൻ വഴി വയ്ക്കുകയും ഇവർ രാഷ്ട്ര നിർമ്മിതിയിലും ദേശീയതയുടെ പുന:സ്ഥാപനത്തിലും ക്രിയാത്മക സംഭാവനകൾ നൽകാൻ കഴിയുന്ന വ്യക്തിത്വങ്ങളായി മാറിത്തീരുകയും ചെയ്യും എന്നതാണ് അഗ്നിപഥ് പദ്ധതി നൽകുന്ന പ്രധാന സർഗസംഭാവന.


സൈനിക സേവനത്തിലൂടെ ആര്‍ജ്ജിച്ച ചിട്ടയും അച്ചടക്കവും പരിശീലനവും ഇവരുടെ മുന്നോട്ടുള്ള ജീവിതഗതിയെ മികവുറ്റതാക്കുകയും ചെയ്യും. യൗവനത്തിന്റെ ആദ്യഘട്ടത്തില്‍ നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, തൊഴില്‍പരമായും വ്യക്തിപരമായും സ്വയം മികച്ച പതിപ്പായി മാറാനുള്ള തിരിച്ചറിവുണ്ടാക്കുകയും പക്വതയും അച്ചടക്കവും ആര്‍ജിക്കുകയും ചെയ്യും. അഗ്നിവീരന്മാര്‍ പ്രവര്‍ത്തനകാലയളവിനുശേഷം പൗരസമൂഹത്തില്‍ അവരുടെ പുരോഗതിക്കായി തുറക്കുന്ന വഴികളും അവസരങ്ങളും തീര്‍ച്ചയായും രാഷ്ട്രനിര്‍മ്മാണത്തിന്റെ വിവിധ മേഖലകളിൽ വലിയ മുതല്‍ക്കൂട്ടാകും. കൂടാതെ, ഏകദേശം 11.71 ലക്ഷം രൂപ വരുന്ന ‘സേവാനിധി’ സാമ്പത്തിക സമ്മര്‍ദമില്ലാതെ അവന്റെ/അവളുടെ ഭാവി സ്വപ്നങ്ങള്‍ പിന്തുടരാന്‍ അഗ്നിവീരന്മാരെ സഹായിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇത് ഏറെ ഗുണകരമാകും.


സായുധസേനയില്‍ ‘അഗ്നിപഥ്’ പദ്ധതിയിലൂടെ ആദ്യ വര്‍ഷം 46,000 അഗ്നിവീരന്മാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങള്‍ നിയമനം കരാര്‍ അടിസ്ഥാനത്തിലാണെന്നതും പ്രത്യേക റാങ്കുകൾ ഇല്ല എന്നതുമാണ്. ജോലിക്ക് പ്രവേശിക്കുന്നവരില്‍ 75 ശതമാനം പേര്‍ക്കും നാല് വര്‍ഷത്തിനു ശേഷം നിര്‍ബന്ധിത വിരമിക്കല്‍ വേണ്ടിവരും. പെന്‍ഷനില്ല, ഗ്രാറ്റുവിറ്റി ഇല്ല, മറ്റ് ആനുകൂല്യങ്ങള്‍ ഇല്ല, സൈന്യത്തിന്റെ സ്ഥിരം നിയമനങ്ങള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ഇല്ലാതാകും എന്നൊക്കെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയെ പക്ഷെ സൈനിക മേധാവികള്‍ സ്വാഗതം ചെയ്യുകയാണ്. സൈനിക നിയമനങ്ങളില്‍ പൊളിച്ചെഴുത്തുകള്‍ നടത്തുമ്പോള്‍ അവരാണല്ലോ ആദ്യം അഭിപ്രായം പറയേണ്ടത്. ഭാവിയില്‍ രാജ്യം അഭിമുഖീകരിക്കേണ്ടിവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ യുവ സൈനികരെ കൊണ്ടുവരാനായി നടത്തുന്ന പ്രക്രിയയാണ് അഗ്നിപഥ് പദ്ധതിയെന്നും രാജ്യം ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി ഒരു അനിവാര്യതയാണെന്നും സൈന്യാധിപന്മാര്‍ വാദിക്കുന്നു. പദ്ധതിയുടെ ആശയം യുവാക്കളില്‍ ദേശീയത പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുമെന്നും സൈനിക മേധാവികള്‍ അവകാശപ്പെടുന്നു. അഗ്നിപഥ് തിടുക്കപ്പെട്ട് നടപ്പിലാക്കിയ ഒരു പദ്ധതി അല്ലെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടുവര്‍ഷമായി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ നടത്തിയതിനുശേഷമാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് പദ്ധതി കൊണ്ടുവരുന്നത്. സേനയില്‍ വരുന്നവരുടെ സമ്പൂര്‍ണ വികസനം സാദ്ധ്യമാകുന്ന പദ്ധതിയാണിതെന്നുമാണ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിശദീകരിക്കുന്നത്.


അഗ്നിപഥിന്റെ ഗുണദോഷവശങ്ങളെ വിലയിരുത്തുമ്പോള്‍ ഗുണങ്ങളാണ് കൂടുതല്‍ എന്ന് കാണാം. ഉത്തരേന്ത്യയില്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ കുറിച്ച് നടത്തിയ അന്വേഷണങ്ങളില്‍ തെളിയുന്നത് റിക്രൂട്ടിംഗ് ഏജന്‍സികളാണ് കലാപങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ്. പ്രതിപക്ഷകക്ഷികള്‍ ആദ്യഘട്ടത്തില്‍ എന്ത് സമീപനം കൈക്കൊള്ളണമെന്ന ആശങ്കയിലായിരുന്നു. വിജ്ഞാപനം പുറത്തുവന്ന ആദ്യ ദിനങ്ങളിൽ യുവാക്കളുടെ വന്‍പ്രതിഷേധനിര കണ്ട് പ്രതിപക്ഷ കക്ഷികള്‍ പക്ഷം പിടിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവും ലോകസഭാംഗവുമായ മനീഷ് തിവാരി പോലും അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വരുന്നതാണ് കണ്ടത്. പ്രതിഷേധങ്ങള്‍ വളരെ പെട്ടെന്ന് കീഴടങ്ങിയതോടെ കര- നാവിക- വ്യോമ സേനകളിലേക്കുള്ള അഗ്‌നി വീരന്മാരുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയ സുഗമമായി യുവ പങ്കാളിത്തത്തോടെ പുരോഗമിക്കുകയും ചെയ്തു.

madhavan-b-nair

ലോകത്തെ സൈനിക ശക്തികളായ മിക്ക രാഷ്ട്രങ്ങളും യുവാക്കളെയാണ് യോദ്ധാക്കളാക്കുന്നത്. ചുറ്റും ശത്രുരാജ്യങ്ങളാല്‍ നിറഞ്ഞ ഇന്ത്യയ്ക്ക് യുവരക്തത്തിന്റെ പ്രതിരോധമില്ലാതെ എത്രകാലം അതിര്‍ത്തികളെ കാക്കാനാകും? ഇന്ത്യന്‍ യുവാക്കള്‍ക്ക് അവരുടെ രാജ്യത്തെ സേവിക്കാനും ദേശീയ വികസനത്തിന് സംഭാവന നല്‍കുവാനും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിത്.അച്ചടക്കവുമാര്‍ന്നതും പ്രചോദിതവുമായ മനുഷ്യശക്തിയെ സമൂഹത്തിനു തിരികെ ലഭിക്കുകയും ചെയ്യും. സായുധസേനയെ സംബന്ധിച്ചിടത്തോളം, ഇത് സായുധസേനയുടെ യുവത്വത്തിന് ഊര്‍ജമേകും. ‘ജോഷ്’, ‘ജസ്ബ’ എന്നിങ്ങനെ ഫലപ്രദവും ജനകീയവുമായ പുതിയ മുഖം നല്‍കുകയും ചെയ്യും. അതോടൊപ്പം ഈ കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് സാങ്കേതികത്തികവുള്ള സായുധസേന എന്ന നിലയിലേക്കു പരിവര്‍ത്തനവുമുണ്ടാകും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യന്‍ സായുധ സേനയുടെ ശരാശരി പ്രായം ഏകദേശം നാല് മുതൽ അഞ്ച് വര്‍ഷം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ചടക്കം, ഉത്സാഹം, ശ്രദ്ധ എന്നിവയില്‍ ആഴത്തില്‍ ധാരണയുള്ള, മതിയായ വൈദഗ്ധ്യമുള്ളവരും മറ്റു മേഖലകളില്‍ സംഭാവന നല്‍കാന്‍ കഴിവുള്ളവരുമായ, വലിയ തോതില്‍ പ്രചോദിതരായ യുവാക്കളെ ഉള്‍പ്പെടുത്തുന്നതിലൂടെ രാഷ്ട്രത്തിനു വളരെയധികം പ്രയോജനം ലഭിക്കും. ചെറിയ കാലയളവിലുള്ള സൈനികസേവനത്തിലൂടെ രാഷ്ട്രത്തിനും സമൂഹത്തിനും രാഷ്ട്രത്തിലെ യുവജനങ്ങള്‍ക്കുമുണ്ടാകുന്ന നേട്ടങ്ങള്‍ വളരെ വലുതാണ്. ദേശസ്നേഹം വളര്‍ത്തല്‍, കൂട്ടായ പ്രവര്‍ത്തനങ്ങള്‍, ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കല്‍, രാജ്യത്തോടുള്ള വിശ്വസ്തത, ബാഹ്യ-ആഭ്യന്തര ഭീഷണികളുടെയും പ്രകൃതിദുരന്തങ്ങളുടെയും സമയത്തു ദേശീയ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ലഭ്യത തുടങ്ങിയവ ഇതിന്റെ നേട്ടങ്ങളാണ്.

17 വയസ്സു കഴിയുമ്പോള്‍ അഗ്നിവീറാകുന്ന യുവാക്കളും യുവതികളും വെറും നാലു വര്‍ഷം സൈനിക സേവനത്തിന് വിനിയോഗിക്കുമ്പോള്‍ അവര്‍ കാര്യക്ഷമതയുള്ളവരായി മാറുന്നു. തൊഴില്‍ മേഖലയില്‍ അവര്‍ ഏറ്റവും ഡിമാന്‍ഡുള്ളവരായും മാറുകയാണ്. ഇത് സിവില്‍ സമൂഹത്തില്‍ സൈനിക ധാര്‍മികതയുള്ള നല്ല അച്ചടക്കവും വൈദഗ്ദ്ധ്യവുമുള്ള യുവതയെ ആയിരിക്കും സൃഷ്ടിക്കുക. അവരുടെ ശേഷിക്കുന്ന യൗവനകാലയളവിനുള്ളില്‍ തന്നെ ജീവിതത്തിന്റെ ഉന്നതമായ പടവുകള്‍ കയറാനുള്ള പ്രാപ്തിയും കരുത്തും അഗ്നിപഥ് സേവനം കൈവരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. കര്‍ഷകനിലും സൈനികനിലും സമര്‍പ്പിതമായ ജീവിതമാണ് ഇന്ത്യന്‍ ജനത നയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു വിഭാഗങ്ങളെയും ഊര്‍ജിതമായി നിലനിര്‍ത്തേണ്ടത് രാജ്യത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും ഭാവിക്കും അത്യന്താപേക്ഷിതമാണ്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 'ജയ് ജവാന്‍ ജയ് കിസാന്‍' മുദ്രാവാക്യം ഇന്ത്യക്ക് ഇന്നും പ്രസക്തമാണ്.

(വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും മുൻഫൊക്കാന പ്രസിഡന്റുമാണ് ലേഖകൻ)