
ഇൻഡ്യാനപലിസ്: യു.എസിൽ ഇന്ത്യാന സംസ്ഥാനത്തെ മാളിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടുകാരി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. അക്രമിയെ മാളിലുണ്ടായിരുന്ന മറ്റൊരാൾ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തി. അക്രമിയെ വെടിവച്ച് കൊന്ന ഇരുപത്തിരണ്ടുകാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് നിയമാനുസൃതമായിരുന്നെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. ഗ്രീൻവുഡ് സിറ്റിയിലെ പാർക്ക് മാളിലെത്തിയ അക്രമി ഫുഡ് കോർട്ടിലുണ്ടായിരുന്നവർക്ക് നേരെയാണ് വെടിയുതിർത്തത്. അക്രമിയുടെ പക്കൽ റൈഫിളും നിരവധി വെടിമരുന്നുകളും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. അക്രമിയുടെയോ കൊല്ലപ്പെട്ടവരുടെയോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.