
തിരുവനന്തപുരം: ജി.എസ്.ടി കൗൺസിൽ യോഗത്തിലെ തീരുമാനത്തിന് വ്യത്യസ്തമായാണ് അവശ്യസാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കിയതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധം കൗൺസിലിൽ ഉയർത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുകയും ആഡംബര വസ്തുക്കളുടെ നിരക്ക് പഴയപടി പുന:സ്ഥാപിക്കുകയും ചെയ്യണമെന്നാണ് സർക്കാർ നിലപാട്.
മൂവാറ്റുപുഴ ബൈപ്പാസ്: ഭൂമിയെടുപ്പിന് 200കോടി വേണം
തിരുവനന്തപുരം: മൂവാറ്റുപുഴ- കടാതി- കാരക്കുന്നം ബൈപ്പാസിന് ഭൂമിയേറ്റെടുക്കാനുള്ള ചെലവിന്റെ പകുതി സർക്കാർ മുടക്കണമെന്ന് ആവശ്യമുയരുന്നുണ്ടെന്നും പുതിയ അലെയ്ൻമെന്റിൽ ഭൂമിയേറ്റെടുക്കാൻ 200കോടി രൂപ ചെലവുണ്ടാവുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. കിഫ്ബിയിലടക്കം കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് കേന്ദ്രം ശ്രമിക്കുകയാണ്. മൂവാറ്റുപുഴ സ്റ്റേഡിയം നിർമ്മാണ പ്രവൃത്തി രണ്ടുവട്ടം ടെൻഡർ ചെയ്തു. 32.55കോടിക്ക് ധനാനുമതിയും നൽകിയതാണ്. രണ്ടുവട്ടം ടെൻഡർ ചെയ്തിട്ടും ക്വോട്ട് ചെയ്ത നിരക്ക് ഉയർന്നതാണ്. ഊരാളുങ്കലിന്റെ ടെൻഡറും ലോക്കൽ മാർക്കറ്റിലെക്കാൾ ഏഴു ശതമാനത്തിലേറെയാണ്. ടെൻഡറിന് അനുമതിയായാലുടൻ തുടർനടപടികൾ ഉണ്ടാവുമെന്ന് മാത്യു കുഴൽനാടന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.