
ടൂറിൻ:ഇറ്റാലിയൻ ക്ളബ് യുവന്റസിൽ നിന്ന് രണ്ട് സൂപ്പർ താരങ്ങൾ പുതിയ ക്ളബുകളിലേക്ക് കൂടുമാറി. പ്രതിരോധതാരം മാത്തിസ് ഡി ലിറ്റ് ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിലേക്കും സ്ട്രൈക്കർ പൗലോ ഡിബാല ഇറ്റാലിയൻ ക്ളബ് എ.എസ് റോമയിലേക്കുമാണ് പോയത്. 80 മില്യൺ യൂറോയ്ക്കാണ് ( 650 കോടിയോളം രൂപ) ഡി ലിറ്റിനെ അഞ്ചുവർഷത്തെ കരാറിൽ ബയേൺ സ്വന്തമാക്കിയത്. മൂന്നുവർഷത്തെ കരാറിൽ റോമയിലെത്തിയ ഡിബാലയുടെ ട്രാൻസ്ഫർ ഫീയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഡി ലിറ്റിനായി ചെൽസിയടക്കമുള്ള നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു. എന്നാൽ ബയേണിലേക്ക് ചേക്കേറാനാണ് താരം ആഗ്രഹിച്ചത്. നെതർലൻഡ്‌സ് ദേശീയ ടീമിലംഗമായ ഡി ലിറ്റ് അയാക്‌സിൽ നിന്നാണ് യുവന്റസിലെത്തിയത്.
പരിശീലകൻ ഹോസെ മൗറീന്യോയുടെ ആവശ്യപ്രകാരമാണ് ഡിബാലയെ റോമ സ്വന്തമാക്കിയത്.