
കണ്ണൂർ: യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ എയർലൈൻസിന് കത്തയച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോയുടെ ആഭ്യന്തര അന്വേഷണ ചെയർമാനാണ് അദ്ദേഹം കത്തയച്ചത്.
വിമാനത്തിനുള്ളിൽ നടന്ന ആക്രമണത്തിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും അതിലൂടെ ഇൻഡിഗോയുടെ സൽപ്പേര് സംരക്ഷിക്കപ്പെടുകയും ചെയ്തുവെന്നാണ് അദ്ദേഹം കത്തിൽ പറയുന്നത്.
ഇൻഡിഗോയുടെ സ്ഥിരം യാത്രക്കാരനാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ യാത്ര ചെയ്യുന്നത് ഒഴിവാക്കണമായിരുന്നു. നടന്നിരിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് മൂന്ന് ആഴ്ചത്തേക്ക് ഇൻഡിഗോ കമ്പനി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 12നായിരുന്നു സംഭവം.
എന്നാൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇനി നടന്നു പോകേണ്ടി വന്നാലും ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നായിരുന്നു ഇ പിയുടെ പ്രതികരണം.
‘സംഭവം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡിഗോ കമ്പനി തെറ്റായ നടപടിയാണ് എടുത്തിരിക്കുന്നത്. അവർ എനിക്ക് മൂന്നാഴ്ചയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഞാൻ ഇനി ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യില്ല. ഇത്ര നിലവാരമില്ലാത്ത ഒരു കമ്പനിയാണെന്ന് ഞാൻ മനസിലാക്കിയില്ല.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. ഇനി നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഞാൻ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണെന്ന് മനസിലായി.
ഇൻഡിഗോ കമ്പനിയിൽ യാത്ര ചെയ്തില്ലെന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. മാന്യമായ വേറെ പല വിമാന കമ്പനികളും ഉണ്ട്. ആ വിമാനങ്ങളിലേ ഇനി പോകൂ. കുറ്റവാളികൾക്ക് നേരെ നടപടിയെടുക്കാനല്ല ഇൻഡിഗോ താത്പര്യം കാണിച്ചത്. അവരുടെ വിമാനക്കമ്പനി അപകടത്തിലാണെന്ന് പല സ്ഥലത്തുനിന്നും വാർത്തകൾ വരുന്നുണ്ട്.' ഇങ്ങനെയായിരുന്നു ജയരാജൻ പ്രതികരിച്ചത്.