
ന്യൂഡൽഹി: കോടതിയിൽ നിന്ന് കിട്ടിയ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) പ്രസിഡന്റും സ്ഥാനവും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗത്വവും നരീന്ദർ ബത്ര രാജിവെച്ചു . ഇതോടെ ദേശീയ,അന്താരാഷ്ട്ര കായിക സംഘടനകളിൽ ബത്രയുടെ ആധിപത്യത്തിന് അവസാനമായി.
മേയ് 25-ന് ഡൽഹി ഹൈക്കോടതി വിധിയെ തുടർന്ന് ബത്രയെ ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗത്വത്തിൽ നിന്ന് നീക്കിയിരുന്നു. ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗം എന്ന നിലയിലാണ് ബത്ര ദേശീയ അസോസിയേഷനുകളുടെയും അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും തലപ്പത്തു വന്നത്. എന്നാൽ ആജീവനാന്ത അംഗം എന്നത് നിയമവിരുദ്ധമായ പദവിയാണെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്. ഹോക്കി ഇന്ത്യ ദേശീയ കായിക ചട്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ ഡൽഹി ഹൈക്കോടതി, ഹോക്കി ഇന്ത്യയുടെ ദൈനംദിന നടത്തിപ്പിന് മൂന്നംഗ കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഈ വിധിയോടെ ബത്രയുടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനവും തെറിച്ചിരുന്നു.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ 35 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന പരാതിയിൽ ബത്രയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. മുൻ സുപ്രീം കോടതി ജഡ്ജി അനിൽ ആർ.ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ.ഖുറേഷി, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്ടൻ സഫർ ഇഖ്ബാൽ എന്നിവരെ അംഗങ്ങളാക്കിയാണു ഹൈക്കോടതി ഹോക്കി ഇന്ത്യയ്ക്ക് താത്കാലിക ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്.