shelley-

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ ഷെല്ലി ആൻഫ്രേസർക്ക് സ്വർണം

10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഷെല്ലി മീറ്റ് റെക്കാഡ് തിരുത്തിയെഴുതി

ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ ഷെല്ലിയുടെ അഞ്ചാം സ്വർണം

100 മീറ്ററിലെ മൂന്ന് മെഡലുകളും തൂത്തുവാരി ജമൈക്കൻ താരങ്ങൾ

ഒറിഗോൺ: 35-ാം വയസിൽ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ തന്റെ അഞ്ചാം സ്വർണവുമായി ജമൈക്കൻ വേഗ റാണി ഷെല്ലി ആൻഫ്രേസർ പിയേഴ്സ്. ഒറിഗോണിൽ ജമൈക്കൻ താരങ്ങളുടെ സർവാധിപത്യം കണ്ട വനിതകളുടെ 100 മീറ്ററിൽ 10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റ് റെക്കാഡും സ്വന്തമാക്കിയാണ് ഷെല്ലിയുടെ പ്രയാണം.

10.73 സെക്കൻഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്‌സൺ വെള്ളിയും 10.81 സെക്കൻഡില്‍ ഫിനിഷ് ചെയ്ത ഒളിമ്പിക് ജേതാവ് കൂടിയായ എലൈൻ തോംസൺ വെങ്കലവും നേടി. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ ഇതാദ്യമായാണ് ഒരു രാജ്യം മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം പുരുഷ 100 മീറ്ററിൽ അമേരിക്ക മൂന്ന് മെഡലുകളും വാരിക്കൂട്ടിയിരുന്നു.

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ട്രാക്കിൽ ഒരേ ഇനത്തിൽ അഞ്ച് സ്വർണ മെഡലുകൾ നേടുന്ന ആദ്യ താരമാണ് ഷെല്ലി. 2009, 2013, 2015, 2019 വർഷങ്ങളിലാണ് ഇതിന് മുമ്പ് ഷെല്ലി 100 മീറ്ററിൽ സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നത്.

200 മീറ്റർ,4-100 മീറ്റർ റിലേ ഇനങ്ങളിൽ നിന്നായി 10 സ്വർണവും രണ്ട് വെള്ളിയും ഉൾപ്പടെ 12 മെഡലുകൾ ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഒളിമ്പിക്സുകളിൽ നിന്നായി മൂന്ന് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ എട്ടുമെഡലുകൾ നേടിയിട്ടുണ്ട്.

2021ൽ കുറിച്ച 10.60 സെക്കൻഡാണ് 100 മീറ്ററിലെ ഷെല്ലിയുടെ മികച്ച സമയം.

ഹർഡിൽസിൽ വീണ്ടും ഹോളോവെ

പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാമതെത്തി അമേരിക്കയുടെ ഗ്രാന്‍ഡ് ഹോളോവെ. 13.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹോളോവെ തന്റെ ലോക കിരീടം നിലനിർത്തിയപ്പോൾ 13.08 സെക്കൻഡിൽ ഫിനിഷ് ചെയ്ത ട്രെയ് കണ്ണിംഗ്ഹാം വെള്ളി മെഡൽ സ്വന്തമാക്കി. 13.17 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്‌പെയ്‌നിന്റെ ആസിയർ മാർട്ടിനസ് വെങ്കലം നേടി. ടോക്യോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവ് കൂടിയാണ് ഹോളോവെ. ഈ ഇനത്തിലെ ഒളിമ്പിക് ജേതാവ് ഹാൻസിൽ പാർച്ച്‌മെന്റിന് വാംഅപ്പിനിടെ പരിക്കേറ്റതും മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന ഡെവോൺ അലൻ ഫൗൾ സ്റ്റാർട്ടിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ടതും ജമൈക്കയ്ക്ക് തിരിച്ചടിയായി.