
കൊളംബോ : ശ്രീലങ്കയിൽ നാളെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രക്ഷോഭസാദ്ധ്യത കണക്കിലെടുത്ത് ആക്ടിംഗ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റെനിലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ മുതൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ മാലിദ്വീപിലേക്ക് പലായനം ചെയ്തതിന് പിന്നാലെ ജൂലായ് 13നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാലിത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് പുറപ്പെടുവിച്ചിരുന്നില്ല. ഈ ഉത്തരവ് പിൻവലിച്ചതാണോ, കാലഹരണപ്പെട്ടതാണോ അതോ ഔദ്യോഗിക ഉത്തരവിറക്കിയതാണോ എന്ന് വ്യക്തമല്ല.
റെനിലിന്റെ ഓഫീസ് ഇത് സംബന്ധിച്ച വ്യക്തത നൽകിയിട്ടില്ല. പൊതുസുരക്ഷ, ക്രമസമാധാന പാലനം, പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ വിതരണവും സേവനവും ഉറപ്പാക്കൽ തുടങ്ങിയവ മുൻനിറുത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം, പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശങ്ങൾ ഇന്ന് പാർലമെന്റിൽ സ്വീകരിക്കും. പാർലമെന്റിന് ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചു. പാർലമെന്റിലേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചു. ഇന്ന് രാവിലെ 10 മണിയ്ക്കാണ് പാർലമെന്റ് ചേരുന്നത്.
റെനിലിന് പുറമേ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മുൻ മന്ത്രി ദുല്ലാസ് അല്ലഹപെരുമ, ജെ.വി.പി പാർട്ടി നേതാവ് അനുര കുമാര ദിസ്സനായക എന്നിവരും മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടെ, തിരഞ്ഞെടുപ്പിൽ റെനിലിന് വോട്ട് ചെയ്താൽ ഭാവിയിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന ഭീഷണികൾ സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്ക് നേരെയുണ്ടായതായി ചില എം.പിമാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച പാർലമെന്റിന് സമീപമുണ്ടായ പ്രതിഷേധങ്ങൾക്കിടെ പൊലീസിന്റെ 50 കണ്ണീർ വാതക സിലിണ്ടറുകൾ മോഷ്ടിച്ച സംഭവത്തിൽ 31കാരനെ അറസ്റ്റ് ചെയ്തു. പൊലീസിന്റെ കണ്ണീർ വാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന വാഹനം പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു.
വായ്പ തന്നത് ഇന്ത്യ മാത്രം
സ്വാതന്ത്ര്യാനന്തര ശ്രീലങ്കയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ വായ്പ തന്ന് രാജ്യത്തെ സഹായിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ശ്രീലങ്കൻ ഊർജ്ജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു.
' ഇന്ധനത്തിനായി പല രാജ്യങ്ങളോടും തങ്ങൾ അഭ്യർത്ഥിച്ചു. ഞങ്ങളെ സഹായിക്കാൻ വന്ന രാജ്യങ്ങളോട് നന്ദി പറയുന്നു. എന്നാൽ, തങ്ങൾക്ക് വായ്പ നൽകിയത് ഇന്ത്യൻ സർക്കാർ മാത്രമാണ്. " മന്ത്രി പറഞ്ഞു. ഇന്ധനത്തിനായി റഷ്യൻ സർക്കാരുമായും ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതൃപ്തി പ്രകടിപ്പിച്ച് സിംഗപ്പൂർ
നിലവിൽ സിംഗപ്പൂരിലുള്ള മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്ക് അന്ത്യശാസനം നൽകി സിംഗപ്പൂർ ഭരണകൂടം. അനുവദിക്കപ്പെട്ട 15 ദിവസത്തിനപ്പുറത്തേക്ക് സിംഗപ്പൂരിൽ തുടരാനാകില്ലെന്ന് ഗോതബയയ്ക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ജൂലായ് 13നാണ് ഗോതബയ ശ്രീലങ്കയിൽ നിന്ന് കടന്ന് മാലിദ്വീപിലെത്തിയത്. തൊട്ടടുത്ത ദിവസം സിംഗപ്പൂരിലെത്തി. ഇവിടെ നിന്ന് ഇ - മെയിൽ വഴിയാണ് തന്റെ രാജിക്കത്ത് ഗോതബയ സ്പീക്കർക്ക് അയച്ചത്. നിലവിൽ സിംഗപ്പൂരിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗോതബയയ്ക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.