
ചെന്നൈ: ഐ.ഐ.ടി പ്രൊഫസറായി ചമഞ്ഞ് രണ്ടാംകെട്ടുകാരനായ തട്ടുകടയുടമ വൻതുക സ്ത്രീധനം വാങ്ങി ഡോക്ടറെ വിവാഹം കഴിച്ചു. ചെന്നൈ അശോക് നഗർ ജാഫർഖാൻ പേട്ടയിൽ മുപ്പത്തിനാലുകാരനായ വി. പ്രഭാകരനാണ് ഡോ. ഷൺമുഖ മയൂരിയെ വിവാഹം കഴിച്ചത്. ആൾമാറാട്ടത്തിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കടത്തിൽ മുങ്ങിയ താൻ കടംവീട്ടാനാണ് 2020-ൽ ഡോക്ടറെ വിവാഹം കഴിച്ചതെന്നും കുടുംബത്തിന്റെ അറിവോടെയായിരുന്നു വിവാഹമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
2019-ൽ നടന്ന ആദ്യവിവാഹത്തിൽ ഒരു കുട്ടിയുമുണ്ട്. പി.എച്ച്ഡി ബിരുദധാരിയാണെന്നും മദ്രാസ് ഐ.ഐ.ടിയിൽ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നുമാണ് ഇയാൾ മയൂരിയെ ധരിപ്പിച്ചത്. നഗരത്തിൽ പ്രാക്ടീസ് ചെയ്യുന്ന മയൂരിയുടെ മാതാപിതാക്കൾ മുംബയിലാണ്. കൃത്യമായ വിവരങ്ങൾ അന്വേഷിക്കാതെ അവർ വിവാഹത്തിന് സമ്മതം നൽകി. 110 പവൻ സ്വർണ്ണവും 20 ലക്ഷം രൂപയും 15 ലക്ഷം രൂപയുടെ കാറും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമുൾപ്പെടെയാണ് സ്ത്രീധനമായി വാങ്ങിയത്. സ്ത്രീധനമായി കിട്ടിയ പണമെടുത്ത് കടം വീട്ടുകയും സ്വർണ്ണം വിറ്റ പണം കൊണ്ട് മറ്റൊരു തട്ടുകട തുടങ്ങുകയും വീട് അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.
എല്ലാദിവസവും രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന ഇയാൾ വൈകിട്ടു മാത്രമേ വീട്ടിൽ തിരികെയെത്തൂ. വീട്ടിൽ സമയം ചെലവഴിക്കാത്തതെന്തെന്ന് ചോദിച്ച മയൂരിയെ ഇയാൾ ദേഹോപദ്രവമേല്പിച്ചു. ജോലിത്തിരക്കു മൂലമാണ് മകന് വീട്ടിൽ സമയം ചെലവിടാനാകാത്തതെന്ന് പറഞ്ഞ് മാതാപിതാക്കൾ ന്യായീകരിച്ചു. എന്നാൽ, വീട്ടുകാരുടെയും പ്രഭാകരന്റെയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മയൂരി സഹോദരനെ വിവരമറിയിച്ചു. തുടർന്ന് മയൂരിയും സഹോദരനും ഐ.ഐ.ടിയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. അശോക് നഗർ വനിതാപൊലീസിൽ നല്‍കിയ പരാതിയെത്തുടർന്നാണ് പ്രഭാകരൻ അറസ്റ്റിലായത്. ആൾമാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.