
തിരുവനന്തപുരം : ഇരിങ്ങാലക്കുടയിൽ നടന്ന ഡോൺ ബോസ്കോ ആൾ കേരള ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ഇരട്ടക്കിരീടം നേടി തിരുവനന്തപുരം സ്വദേശി പ്രണതി പി.നായർ. ജൂനിയർ വിഭാഗത്തിലും യൂത്ത് വിഭാഗത്തിലുമാണ് പ്രണതി ചാമ്പ്യനായത്. സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗം ഫൈനലിൽ കൊല്ലത്തിന്റെ എഡ്വിന എഡ്വാർഡിനെ 3-0ത്തിനാണ് പ്രണതി തോൽപ്പിച്ചത്. യൂത്ത് വിഭാഗം ഫൈനലിൽ 3-1ന് മരിയ സിസിലി ജോഷിയെ തോൽപ്പിച്ചു. ദേശീയ തലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള പ്രണതി വഴുതക്കാട് ചിന്മയ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ് . തിരുവനന്തപുരം ജവഹർ നഗറിലെ എക്സിറ്റോ ടേബിൾ ടെന്നിസ് അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. രഞ്ജിത്ത് ബെന്നിയാണ് മുഖ്യപരിശീലകൻ. മുൻ സംസ്ഥാന ഒന്നാം നമ്പർ താരമായ സെന്തിൽകുമാർ പ്രചോദകനായി ഒപ്പമുണ്ട്.