rishi

ലണ്ടൻ : ബ്രിട്ടണിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഇന്നലെ നടന്ന മൂന്നാം റൗണ്ട് വോട്ടെടുപ്പിൽ 115 വോട്ടുകളോടെ മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നിലെത്തി. മത്സരിച്ച 5 പേരിൽ ഏറ്റവും പിന്നിലെത്തിയ ഹൗസ് ഒഫ് കോമൺസിലെ ഫോറിൻ അഫയേഴ്സ് കമ്മിറ്റി അദ്ധ്യക്ഷൻ ടോം ടൂഗെൻഡാറ്റ് ( 30 ) പുറത്തായി.

ട്രേഡ് പോളിസി മന്ത്രി പെന്നി മോർഡന്റ് ( 82 ), ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ( 71 ), എം.പിയായ കെമി ബാഡെനോഷ് ( 58 ) എന്നിവരും ഋഷിയ്ക്കൊപ്പം ഇന്ന് വൈകിട്ട് നടക്കുന്ന നാലാം റൗണ്ട് തിരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടി. കഴിഞ്ഞ രണ്ട് റൗണ്ടുകളിലും ഋഷി ആയിരുന്നു മുന്നിൽ.

ഇന്നലെ രാത്രി 11.30 വരെയായിരുന്നു വോട്ടിംഗ് സമയം. അഞ്ചാം റൗണ്ട് നാളെ നടക്കും. ഒടുവിൽ ശേഷിക്കുന്ന രണ്ട് സ്ഥാനാർത്ഥികളിൽ നിന്ന് ഒരാളെ പിന്നീട് 1,​50,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിലെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കും. സെപ്റ്റംബർ 5ന് വിജയിയെ പ്രഖ്യാപിക്കും. വിജയിക്കുന്ന വ്യക്തി അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും.