veg

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ 'ഗ്രാമ്യ' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജലീൽ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 18 വാർഡുകളിലും ഓരോ എക്കർ വീതം സ്ഥലം കണ്ടെത്തി മൊത്തം 18 ഏക്കറിലാണ് ജൈവ പച്ചക്കറികൃഷിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പച്ചക്കറികൾ 'അണ്ടൂർക്കോണം ഗ്രാമ്യ പച്ചക്കറി' എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.

പഞ്ചായത്തിലെ തരിശുഭൂമി കണ്ടെത്തിയാണ് പച്ചക്കറികൃഷിയിറക്കുന്നത്. നൂറ് ശതമാനം വിളവ് ലഭിക്കുന്ന ഹൈബ്രിഡ് തൈകളാണ് നടുന്നത്. വിവിധ ഇനം മുളക്, തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, ചീര, പയർ, കറിവേപ്പില, വഴുതന തുടങ്ങിയ എല്ലാത്തരം പച്ചക്കറി തൈകളും ഉൾപ്പെടുത്തിയിട്ടുണ്ട് . തൊഴിലുറപ്പ് പ്രവർത്തകരിൽ നിന്നും തെരെഞ്ഞെടുത്ത കാർഷിക സേനയ്ക്കാണ് പരിപാലന ചുമതല.

എല്ലാവരും ആവേശപൂർവം കൃഷിയിലേക്ക് വരണമെന്നും വിഷരഹിതമായ പച്ചക്കറി ഉത്പാദനത്തിലൂടെ അസുഖമില്ലാത്ത ഗ്രാമമായി അണ്ടൂർക്കോണത്തെ മാറ്റണമെന്നും പ്രസിഡന്റ്
എസ്. ഹരികുമാർ പറഞ്ഞു. 18 ഏക്കറിൽ നിന്നും വിളവെടുക്കുന്ന പച്ചക്കറികൾ പഞ്ചായത്ത് തന്നെ നേരിട്ട് ഇക്കോ ഷോപ്പുകൾ വഴി വിപണനം ചെയ്യും.

തെക്കെവിളയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബില സക്കീർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു സൈമൺ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
തുടങ്ങിയവരും പങ്കെടുത്തു.