
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വനിതാ ജീവനക്കാരോട് ജോലിയ്ക്ക് വരേണ്ടെന്നും പകരം അവരുടെ ജോലിയ്ക്ക് ബന്ധുവായ പുരുഷനെ അയച്ചാൽ മതിയെന്നും താലിബാൻ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമത്തിന്റെ റിപ്പോർട്ട്.
അഫ്ഗാനിലെ ഒരു സർക്കാർ ജീവനക്കാരിയാണ് മാദ്ധ്യമങ്ങൾക്ക് വിവരം നൽകിയത്. ജോലി ഭാരം കൂട്ടിയെന്നും അതിനാൽ സ്ത്രീകൾക്ക് പകരം പുരുഷൻമാരെയാണ് ജോലിയിലേക്ക് ആവശ്യമെന്നുമാണ് അധികൃതർ നൽകുന്ന ന്യായീകരണമത്രെ.
അഫ്ഗാനിൽ സ്ത്രീകളുടെ ശമ്പളം കുത്തനെ കുറയ്ക്കുന്നതായും ചോദ്യം ചെയ്യുന്നവരോട് ജോലി ഉപേക്ഷിക്കാൻ പറയുന്നതായും റിപ്പോർട്ടുണ്ട്. വർഷങ്ങളോളം പ്രവർത്തി പരിചയവും ഉന്നത വിദ്യാഭ്യാസവുമുള്ള സ്ത്രീകളോട് പോലും അധികൃതർ ഇങ്ങനെ പെരുമാറുന്നതായാണ് പരാതി.
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ സ്ത്രീകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരികയാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ സംഘടനകൾ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.