
തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും സ്ഥിരീകരിച്ചതോടെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശന പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇതുവരെ നടന്ന പരിശോധനകൾ വിലയിരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് ഇന്ന് പുതിയ നിർദ്ദേശം നൽകിയത്. ഈ മാസം 13ന് ദുബായിൽ നിന്നെത്തിയ 31കാരനായ കണ്ണൂർ സ്വദേശിയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ കൊല്ലം സ്വദേശിയിലും രോഗം കണ്ടെത്തിയിരുന്നു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മംഗലാപുരം വിമാനത്താവളം വഴിയാണ് കണ്ണൂർ സ്വദേശി നാട്ടിലെത്തിയത്. വീട്ടിൽ എത്തിയതിന് പിന്നാലെ പനിയും ശരീരത്തിൽ തടിപ്പും കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ മുറിയിലാണ് രോഗിക്ക് ചികിത്സ നൽകുന്നത്.
മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലെ വീട്ടിലെത്തിച്ച ടാക്സി ഡ്രൈവർ, കൂടുംബാംഗങ്ങൾ എന്നിവരുമായാണ് ഇയാൾക്ക് അടുത്ത സമ്പർക്കം വന്നിട്ടുള്ളത്. ഇവരെല്ലാം ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണ്. എന്നാൽ നിരീക്ഷണത്തിലുള്ള ആരിലും ഇതുവരെയായും രോഗലക്ഷണങ്ങഘൾ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.