
ടോക്കിയോ : ജപ്പാനിൽ വംശനാശ ഭീഷണി നേരിടുന്ന ഡസൻകണക്കിന് കടലാമകളെ കടൽത്തീരത്ത് ചത്തനിലയിൽ കണ്ടെത്തി. കുമെജിമ ദ്വീപിലെ ബീച്ചിലാണ് സംഭവം. ഏകദേശം 30 ഓളം കടലാമകളാണ് കരയ്ക്കടിഞ്ഞത്. ഇവയിൽ മിക്കതിന്റെയും കഴുത്തിൽ കുത്തേറ്റ പാടുകളുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദൂര പ്രദേശമായ ഇവിടെ തദ്ദേശീയർ കടലാമകളെ ചത്തനിലയിൽ കണ്ടെത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ചില കടലാമകൾക്ക് ജീവനുണ്ടായിരുന്നെങ്കിലും മുറിവിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. മത്സ്യബന്ധന വലകളിൽ കുരുങ്ങിയ കടലാമകളെ നീക്കുന്നതിനിടെയിൽ അവയ്ക്ക് മുറിവ് സംഭവിച്ചിരുന്നുവെന്ന് ചില മത്സ്യത്തൊഴിലാളികൾ അധികൃതരോട് വെളിപ്പെടുത്തിയെന്ന് സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വലയിൽ കുടുങ്ങിയ കടലാമകളെ കടലിലേക്ക് വേർപ്പെടുത്തിവിടാൻ കഴിയാതെ വന്നതോടെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് അവയെ വേർപ്പെടുത്താൻ ശ്രമിച്ചതായാണ് വിവരം. ചില കടലാമകളുടെ തുഴയാൻ സഹായിക്കുന്ന കൈകാലുകൾ ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഗ്രീൻ സീ ടർറ്റിൽ വിഭാഗത്തിലെ കടലാമകളാണ് ചത്തത്. ടോക്കിയോയ്ക്ക് ഏകദേശം 2,000 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ചെറു ദ്വീപാണ് കുമെജിമ . ഇവിടുത്തെ കടൽപ്പായലുകളിൽ ഈ കടലാമകളെ കണ്ടുവരുന്നുണ്ട്.