kollam

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൊല്ലത്തേത് നിരുത്തരവാദപരമായ നടപടിയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗത്തുനിന്നും വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്. നടപടി അപലപനീയമാണ്. ഇത് പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മാനസിക പ്രയാസം സൃഷ്‌ടിക്കുമെന്നും പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ രേഖാമൂലം അറിയിക്കും. ഇതുപോലെ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സ്‌ത്രീക്കെതിരെ പൊലീസ് കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിക്കൽ അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.