arrest

കാസർകോട് : പ്രവാസിയായ സീതാംഗോളി മുഗുവിലെ അബൂബകർ സീദ്ദീഖിനെ (32) കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റഷീദ് (28) ആണ് അറസ്റ്റിലായത്. കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴു പേർക്കെതിരെ നേരത്തേ ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

പ്രതികൾ കടക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ പൊലീസിനും വിമാനത്താവളങ്ങളിലും ലൂക്ക്ഔട്ട് നോട്ടീസ് നൽകിയിരുന്നു. കേസിലെ മുഖ്യ പ്രതികൾ ഗൾഫിലേക്ക് കടന്നതായാണ് വിവരം. കേസിൽ നേരത്തെ അറസ്റ്റിലായ ഉദ്യാവറിലെ റിയാസ് ഹസൻ (33), ഉപ്പളയിലെ അബ്ദുൽ റസാഖ് (46), കുഞ്ചത്തൂരിലെ അബൂബകർ സിദ്ദിഖ് (33), ഉദ്യാവറിലെ അബ്ദുൽ അസീസ് (36), ഉദ്യാവറിലെ അബ്ദുർ റഹീം (41) എന്നിവർ റിമാൻഡിലാണ്. ഇതിൽ റിയാസ് ഹസൻ, അബ്ദുൽ റസാഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 26നാണ് അബൂബകർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയത്. ഏജന്റുമാരെ വെച്ച് ഗൾഫിലേക്ക് കടത്തിയ 40 ലക്ഷം രൂപയുടെ ഡോളർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടതിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിദ്ദീഖിന്റെ സഹോദരൻ അൻവറിനേയും ബന്ധു അൻസാറിനേയും ഈ സംഭവത്തിന്റെ പേരിൽ തടങ്കലിൽ വച്ച് ക്രൂരമായി മർദിച്ചിരുന്നു. എസ്.പി.വൈഭവ് സക്‌സേന, കാസർകോട് ഡിവൈ.എസ്.പി, വി.വി.മനോജ് എന്നിവരുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.