adv-pn-narendranathan-

പത്തനംതിട്ട: എൻ എസ് എസ് മുൻ പ്രസിഡന്റ് അഡ്വ. പി എൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു. 90 വയസായിരുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ വൈകിട്ട് അദ്ദേഹത്തെ ഇലന്തൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

2012 മുതൽ തുടർച്ചയായി നാല് തവണ എൻ എസ് എസ് പ്രസിഡന്റായിരുന്നു. ഒരുമാസം മുൻപാണ് സ്ഥാനം ഒഴിഞ്ഞത്. എൻ എസ് എസ് സംസ്ഥാന ട്രഷറർ, എൻ എസ് എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ്, എൻ എസ് എസ് ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം മുൻ ജില്ലാ ജഡ്ജിയാണ്. സംസ്കാരം നാളെ പത്തനംതിട്ടയിൽ നടക്കും. ഭാര്യ: കെ രമാഭായി. നിര്‍മല, മായ എന്നിവരാണ് മക്കൾ. മരുമക്കള്‍: ശിവശങ്കരന്‍ നായര്‍, ജസ്റ്റിസ് കെ. ഹരിപാല്‍.