saji-cheriyan

തിരുവനന്തപുരം: നിയമസഭയിൽ ഖേദപ്രകടനം നടത്തി മുൻമന്ത്രി സജി ചെറിയാൻ. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജി വയ്ക്കാനിടയായ സാഹചര്യത്തിൽ നിയമസഭയിൽ പ്രത്യേക പ്രസ്‌താവന നടത്തുകയായിരുന്നു അദ്ദേഹം.

'ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ്. ഭരണഘടനയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണെന്നാണ് പറഞ്ഞത്. പ്രസംഗം വളച്ചൊടിക്കുകയായിരിന്നു. അംബേദ്‌കറെ അപമാനിച്ചിട്ടില്ല. ജനങ്ങൾക്കൊപ്പം ഇനിയുമുണ്ടാകും. " അദ്ദേഹം പറഞ്ഞു. ചട്ടം 64 അനുസരിച്ചാണ് നിയമസഭയിൽ അദ്ദേഹം പ്രത്യേക പരാമർശം നടത്തിയത്. ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ച വിഷയത്തിൽ ആദ്യമായിട്ടാണ് സജി ചെറിയാൻ ഖേദപ്രകടനം നടത്തുന്നത്.

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു.

അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും. " ഇങ്ങനെയായിരുന്നു സജി ചെറിയാൻ മല്ലപ്പള്ളിയിൽ പ്രസംഗിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ അദ്ദേഹം രാജി വയ്‌ക്കുകയായിരുന്നു.