ballot-box

ന്യൂഡൽഹി : രാജ്യത്തെ 16ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ഡൽഹിയിൽ പാർലമെന്റിലും രാജ്യത്തെ വിവിധ നിയമസഭകളിലും പൂർത്തിയായിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നീണ്ട തിരഞ്ഞെടുപ്പിൽ ഇലക്ട്രൽ കോളേജിലെ 4800 എം.പിമാരും എം.എൽ.എമാരുമാണ് രഹസ്യ ബാലറ്റിലൂടെ വോട്ടു ചെയ്തത്. പാർലമെന്റ് മന്ദിരത്തിലും സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലുമാണ് പോളിംഗ് നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സാമാജികരുടെ വോട്ടുകളടങ്ങിയ ബാലറ്റ് പെട്ടി വിമാനങ്ങളിൽ തലസ്ഥാനത്ത് എത്തിച്ചു. ഈ ബാലറ്റ് ബോക്സുകൾക്കായി മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക വിമാന ടിക്കറ്റുകൾ വാങ്ങിയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ബാലറ്റ് പെട്ടികൾ അയച്ചിരുന്നു. വിമാനത്തിൽ സീറ്റുകളിൽ സൂക്ഷിച്ച പെട്ടികൾക്കായി മിസ്റ്റർ ബാലറ്റ് ബോക്സ് എന്ന പേരിലാണ് കമ്പനികൾ ടിക്കറ്റ് നൽകിയത്. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 'മിസ്റ്റർ ബാലറ്റ് ബോക്സ്' യാത്ര ചെയ്തത്. ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ബാലറ്റ് ബോക്സിനോട് ചേർന്നുള്ള സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇരുന്നത്. മറ്റെന്നാളാണ് ഫലപ്രഖ്യാപനം. എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെക്കാൾ ഏറെ വോട്ട് മൂല്യം ലഭിച്ചതിനാൽ മുർമു വിജയമുറപ്പിച്ചിരിക്കുകയാണ്.

“Mr Ballot Box” 😄

Separate air tickets purchased by @ECISVEEP for ballot boxes as they travelled to various states and back now to Delhi, carrying the votes cast in the #PresidentialElections2022!

See below sample air ticket pic.twitter.com/DdYHoE9VNg

— Poulomi Saha (@PoulomiMSaha) July 18, 2022

ക്രോസ് വോട്ട് തകൃതി

സമാജ്‌വാദി പാർട്ടി നിലപാടിന് വിരുദ്ധമായി പാർട്ടി എം.എൽ.എ ശിവ്പാൽ യാദവും മുർമുവിന് വോട്ടു ചെയ്തു. സമാജ്‌വാദി പാർട്ടി നേതാവ് മുലായത്തെ ഐ.എസ്.ഐ ഏജന്റെന്ന് വിളിച്ച യശ്വന്ത് സിൻഹയ്ക്ക് വോട്ടുചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുലായത്തിന്റെ ഇളയ സഹോദരനും പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചിറ്റപ്പനുമാണ് ഇദ്ദേഹം.

ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ മുഹമ്മദ് മൊക്വിം പാർട്ടി നിലപാടിന് വിരുദ്ധമായി ദ്രൗപതി മുർമുവിന് വോട്ടു ചെയ്തു.ഗുജറാത്തിലെ എൻ.സി.പി എം.എൽ.എ എസ്. ജഡേജയും അസാമിലെ ചില കോൺഗ്രസ് എം.എൽ.എമാരും മുർമുവിനാണ് വോട്ടു ചെയ്തത്. ക്രോസ് വോട്ടിംഗ് തടയാൻ ഹോട്ടലിലേക്ക് മാറ്റിയ പശ്ചിമ ബംഗാളിലെ 69 ബി.ജെ.പി എം.എൽ.എമാരെ ഇന്നലെ പ്രത്യേക ബസിലാണ് കൽക്കത്തിൽ വോട്ടു ചെയ്യാനെത്തിച്ചത്.

ആകെ പോളിംഗ് 99 ശതമാനമാണെങ്കിലും, കേരളം, കർണാടക, ഗോവ, തമിഴ്നാട്, പുതുച്ചേരി, ഗുജറാത്ത്, ഛത്തീസ്ഗഡ്,ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, മിസോറാം, സിക്കിം, മണിപ്പൂർ എന്നിവിടങ്ങളിൽ 100 ശതമാനമാണ് പോളിംഗ്.