
ന്യൂഡൽഹി: ആയൂർ മാർത്തോമ കോളേജിൽ ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം, മെറ്റൽ ഡിറ്റക്ടറിലെ ബീപ് ശബ്ദത്തിന്റെ പേരിൽ നിർബന്ധിച്ച് അഴിച്ചു വയ്പിച്ച പ്രാകൃത നടപടിയിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങള്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
എന്നാൽ സംഭവത്തിൽ പരീക്ഷാസമയത്തോ പിന്നീടോ ആരും പരാതി നല്‍കിയിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി വിശദീകരിച്ചു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തി. ഇതേത്തുടർന്ന് പൊലീസ് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയായ പെണ്‍കുട്ടിയോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തത് ആരാണെന്നതില്‍ വ്യക്തത വരുത്താനാണ് തിരിച്ചറിയില്‍ പരേഡ് നടത്തുന്നത്.
അതേസമയം, വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കേന്ദ്രസർക്കാരിനെ സംസ്ഥാനം എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേന്ദ്രസർക്കാരിന് കത്തയച്ചു. വിഷയത്തിൽ കർശന നടപടി വേണമെന്നും സംഭവം ആവർത്തിക്കരുതെന്നും കേരളം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.