dollar-rs

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്‌ചയിലെത്തി. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 80 ലേയ്‌ക്കാണ് ഇടിഞ്ഞത്. ഇന്ന് 79.98 എന്ന നിലയിൽ ആരംഭിച്ച പ്രാദേശിക കറൻസി വ്യാപാരം 80.0175 എന്ന റെക്കോർഡ് താഴ്ചയിലാണിപ്പോൾ.

ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളർത്തുകയാണ്. വിദേശ നിക്ഷേപത്തിലെ കുറവും രൂപയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 16.08 രൂപ (25.39 ശതമാനം) ഇടിഞ്ഞതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം മാത്രം യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനമാണ് ഇടിഞ്ഞത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഒരു ഡോളറിന് 2014ൽ 63.33 രൂപയായിരുന്നു വിനിമയ നിരക്ക്. 2022 ജൂലായ് 11 ആയപ്പോഴേക്കും ഇത് ഒരു ഡോളറിന് 79.41 രൂപയിലെത്തി. രൂപയുടെ തകർച്ചയോടെ വിലക്കയറ്റം രൂക്ഷമാകുമോ എന്ന ആശങ്ക ശക്തമാണ്.