
ടോക്കിയോ: ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (ഒൻപത് വർഷം) പ്രധാനമന്ത്രിയായിരുന്ന, ലോകനേതാക്കളുടെ പ്രിയ മിത്രം ഷിൻസോ ആബെ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് പതിനൊന്ന് ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ അംഗരക്ഷകർക്ക് വലിയ പിഴവ് സംഭവിച്ചു എന്ന് വ്യക്തമായി. ആക്രമണത്തിന്റെ വീഡിയോ അതിസൂക്ഷ്മമായി പരിശോധിച്ച ഉദ്യോഗസ്ഥരാണ് അംഗരക്ഷകർക്ക് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. പടിഞ്ഞാറൻ ജപ്പാനിലെ നാരാ നഗരത്തിലെ റെയിൽവേ സ്റ്റേഷന് പുറത്ത്, ട്രാഫിക് ഐലൻഡിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ആബേയ്ക്ക് വെടിയേറ്റത്.
തെത്സുയാ യമഗാമി എന്ന 41 കാരനാണ് പിറകിൽനിന്ന് സ്വയം നിർമ്മിച്ച നാടൻ തോക്കുകൊണ്ട് രണ്ട് തവണ വെടിവച്ചത്. ഇയാൾ ആബേയ്ക്ക് എതിരെ നിറയൊഴിച്ചപ്പോൾ ആദ്യ വെടിയുണ്ട ലക്ഷ്യം തെറ്റി പാഞ്ഞെന്നും, നാടൻ തോക്കിൽ നിന്നും അടുത്ത വെടിയുതിർക്കാൻ രണ്ടര സെക്കന്റ് വേണ്ടി വന്നു എന്നും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഈ സമയം ഷിൻസോ ആബെയെ അംഗരക്ഷകർക്ക് വളഞ്ഞ് അഭയമൊരുക്കാമായിരുന്നു. വി വി ഐ പിയായ നേതാവിനെ ജനങ്ങളുടെ ഇടയിലേക്ക് ഇറക്കി വിട്ടതും വീഴ്ചയായി. സുരക്ഷ വീഴ്ചയുണ്ടായതായി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉൾപ്പെടെയുള്ള ജാപ്പനീസ് അധികാരികൾ സമ്മതിച്ചിട്ടുണ്ട്.
ആയുധവുമായി എത്തിയ അക്രമിയെ പരിശോധിക്കാതെ ആബെയ്ക്ക് സമീപം എത്താൻ അനുവദിച്ചതും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. പൊലീസിന് ഇക്കാര്യത്തിൽ വലിയ വീഴ്ചയുണ്ടായതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ഗുരുതരമായ സംഭവം ആവർത്തിക്കാതിരിക്കാൻ സംരക്ഷണ പ്രോട്ടോക്കോളുകൾ പുതുക്കാനും ജപ്പാൻ തയ്യാറെടുക്കുന്നുണ്ട്.