nirmala-seetharaman-

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തിയിരിക്കുകയാണ്. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 80 ലേയ്ക്കാണ് ഇടിഞ്ഞത്. ഇന്ന് 79.98 എന്ന നിലയിൽ ആരംഭിച്ച കറൻസി വ്യാപാരം 80.0175 എന്ന റെക്കോർഡ് താഴ്ചയിലാണിപ്പോൾ. രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പാർലമെന്റിൽ വിശദീകരണം നൽകിയിരുന്നു. 2014 ഡിസംബറിന് ശേഷം രൂപയുടെ മൂല്യം 25.39 ശതമാനം കുറഞ്ഞെന്ന് തുറന്ന് സമ്മതിച്ച കേന്ദ്രം, ഇക്കാലയളവിൽ ഇന്ത്യൻ രൂപയുടെ മൂല്യം 16.08 രൂപ കണ്ട് കുറഞ്ഞെന്നും അറിയിച്ചു.

ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ചയെക്കുറിച്ച് ലോക്സഭയിൽ ദീപക് ബൈജിന്റെയും വിജയ് വസന്തിന്റെയും ചോദ്യത്തിന് മറുപടിയായിട്ടാണ് സർക്കാർ വിശദീകരണം നൽകിയത്. 2014 മുതൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിന്റെ വർഷാവസാന മൂല്യങ്ങൾ സർക്കാർ നൽകി. 2019 ഡിസംബർ 31നാണ് രൂപയുടെ മൂല്യം ഡോളറിന് 70ലേക്ക് എത്തിയത്. 2021 അവസാനത്തോടെ ഡോളറിന് 74.5 രൂപയിൽ നിന്ന് കേവലം മാസങ്ങൾ കൊണ്ട് ജൂൺ അവസാനത്തോടെ 79.74 രൂപയായി, 7% മൂല്യത്തകർച്ചയാണ് ഇക്കാലയളവിൽ ഉണ്ടായത്.

റഷ്യ യുക്രെയിൻ സംഘർഷം, ക്രൂഡ് ഓയിൽ വില കുതിച്ചുയരൽ, ആഗോള സാമ്പത്തിക രംഗത്തെ കടുത്ത പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 14 ബില്യൺ ഡോളർ പിൻവലിച്ചതും മൂല്യം കുറയാൻ കാരണമായതായി ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു.

എന്നാൽ ഇന്ത്യയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, യൂറോ തുടങ്ങിയ കറൻസികൾ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയേക്കാൾ ദുർബലമായെന്നും അവർ ചൂണ്ടിക്കാട്ടി. യെൻ, പൗണ്ട്, യൂറോ, സ്വിസ് ഫ്രാങ്ക്, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ എന്നീ കറൻസികൾക്കെതിരെ ഇന്ത്യൻ രൂപ ശക്തിപ്പെടുകയും ചെയ്തു. രൂപയുടെ മൂല്യത്തകർച്ച കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ട്, ഇത് സമ്പദ്‌വ്യവസ്ഥയെ ഗുണപരമായി ഭവിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.