
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് വെള്ളിയാഴ്‌ച സമർപ്പിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെക്കൂടി പ്രതിചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുന്നത്.
കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും. കേസിലെ തെളിവുകൾ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകളാണ് നടനെതിരെ ചുമത്തുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡ് മൂന്നു കോടതികളിൽ അനധികൃതമായി തുറന്നതായുള്ള ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം മൂന്നാഴ്‌ച കൂടി സമയം തേടിയിരുന്നു. ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ അന്തിമ റിപ്പോർട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം അധികം സമയം തേടിയെങ്കിലും ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണ് അന്തിമ റിപ്പോർട്ട് തയാറാണെന്ന് ഇവർ അറിയിച്ചത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് സംവിധായകൻ പി.ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജനുവരിയിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.
അതേസമയം, കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറിനെ സർക്കാർ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. നടിയുടെ ആവശ്യ പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അജകുമാർ.