riyas

തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ തകരുന്നതിൽ കാലാവസ്ഥയ്‌ക്കും നല്ല പങ്കുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുഴികളില്ലാത്ത റോഡുകളാണ് സർക്കാർ ലക്ഷ്യമെന്നും പൊതുമരാമത്തിനെ സംബന്ധിച്ച് റെക്കോ‌ഡ് പ്രവൃത്തി നടക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ റോഡുകളുടെ അറ്റക്കുറ്റപ്പണി സമയബന്ധിതമായി തീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര നോട്ടീസ് നൽകിയിരുന്നു. എൽദോസ് കുന്നപ്പള്ളിയാണ് നോട്ടീസ് നൽകിയത്.

മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും റോഡുകളുടെ നിലവാരം ഇപ്പോൾ ഉയർന്നിരിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താനാണ് ശ്രമിക്കുന്നത്. റോഡുകളിൽ ഒരു കുഴി പോലുമുണ്ടാവാതിരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,​ റോഡിലെ പ്രശ്‌നങ്ങളിൽ വകുപ്പ് മന്ത്രി കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് കെ കെ രമ എം എൽ എയും പൊതുമരാമത്തിന്റെ പുതിയ ഗ്യാരന്റി സ്കീം ഫലപ്രദമായി നടപ്പാക്കിയാൽ അത് വളരെ നല്ലതാണെന്ന് കുഞ്ഞാലിക്കുട്ടി എംഎൽഎയും പ്രതികരിച്ചു.