k-s-sabarinathan

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ. മുഖ്യമന്ത്രി ഭീരുവാണെന്നും കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യ പരിശോധനക്കായി ജനറൽ ആശുപത്രിയിൽ പൊലീസ് എത്തിച്ചപ്പോഴാണ് ശബരീനാഥന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ശബരീനാഥന്‍ അറസ്റ്റിലായത്.

'വിമാനത്തിൽ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത് മുഖ്യന്ത്രിയുടെ ഭീരുത്വത്തിന്റെ ഭാഗമായാണ്. ഞാന്‍ തീവ്രവാദിയൊന്നുമല്ല, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ച ഇ പി ജയരാജനെതിരെ കേസില്ല. എനിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയെ കേരള പൊലീസ് സംരക്ഷിക്കുന്നു. കേസിനെ നിയമപരമായും പാര്‍ട്ടി രാഷ്ട്രീയപരമായും നേരിടും'- ശബരീനാഥന്‍ പറഞ്ഞു.

വൈദ്യപരിശോധനയ്ക്ക് ശേഷം ശബരീനാഥനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. മൂന്നരയോടെ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ ശബരീനാഥനെ അറസ്റ്റ് ചെയ്ത സമയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെയായിരുന്നു ശബരിയെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസില്‍ നടപടിയൊന്നും എടുക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ഗവ. പ്ലീഡര്‍ അറിയിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ 11.45നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. സ്വർണക്കടത്ത് ചർച്ച ആകാതിരിക്കാൻ ആണ് ശബരീനാഥനെ അറസ്റ്റ് ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം ആരോപിച്ചു. മോദിയുടെ ബി ടീമായി സിപിഎം മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.