മലയാള സിനിമയിലെ പ്രിയ താരങ്ങൾക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കിടുകയാണ് നടൻ അനൂപ് മേനോൻ. മമ്മൂക്കയെ ആദ്യമായി കാണുന്നത് കൈരളി ചാനലിൽ വച്ചാണെന്നും മോഹൻലാലിനൊപ്പം ആദ്യമായി വർക്ക് ചെയ്തത് മറക്കാൻ കഴിയാത്ത സംഭവുമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.
' കൈരളിയിൽ വർക്ക് ചെയ്യുന്ന സമയത്താണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. മാല പർവതി, ജി എസ് പ്രദീപ്, ശ്രീകാന്ത് മുരളി ഞങ്ങളെല്ലാവരും ഉണ്ട്. എല്ലാവരും ആങ്കേഴ്സാണ്. ഓഫീസിന് മുന്നിലെ സോഫയിലിരുന്ന് അശ്വമേധം കളിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു ലോബിയാണ്.
പെട്ടെന്ന് അവിടേക്ക് ഒരു സൂര്യപ്രകാശം കടന്നുവന്നതുപോലെ. ഇളം മഞ്ഞ നിറത്തിലുള്ള ഒരു ഷർട്ടും ഗ്രേ പാന്റും കൈയിൽ ബ്രീഫ്‌കേസുമായിട്ട് ഒരു ഐറ്റം അവിടെ നിൽക്കുകയാണ്. ആ ഏരിയ മൊത്തം ഒന്ന് പ്രകാശിച്ചപോലായി. മമ്മൂക്കയാണ് കക്ഷി.
ലാലേട്ടനെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് ഇതാണ്. പകൽനക്ഷത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഞാൻ അവിടെ വച്ചിട്ടാണ് സീനെഴുതുന്നത്. കൽപ്പന ചേച്ചിയുടെ സീൻ ആണ്. അന്ന് ലാലേട്ടൻ വന്നിട്ടേയുള്ളൂ. ബാക്കിൽ നിന്നും പെട്ടെന്ന് കൈ വന്ന് തോളിൽ തട്ടി. എന്താ ചെയ്യുന്നേയെന്ന് ചോദിച്ചു.
സീൻ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. ഇപ്പോ എടുക്കാൻ പോകുന്ന സീൻ അല്ലേ, കൊള്ളാം, നന്നായി വരുമെന്ന് പറഞ്ഞ് തോളിൽ തട്ടി പോയി. അതാണ് ലാലേട്ടനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്നത്. " അനൂപ് മേനോൻ പറഞ്ഞു.
