durha

'കുടുക്ക് 2025'എന്ന ചിത്രത്തിലെ 'തെയ് തക' എന്ന ഗാനത്തിന്റെ തകർപ്പൻ നൃത്തരംഗത്തിലൂടെയും, 'ഉടൽ' എന്ന ചിത്രത്തിലെ ഷൈനിയുടെ ആക്ഷൻ രംഗങ്ങളിലൂടെയുമൊക്കെ മലയാളികൾക്ക് പ്രിയങ്കരിയായിരിക്കുകയാണ് ദുർഗ്ഗ കൃഷ്ണ. പ്രേക്ഷക -നിരൂപക പ്രശംസ ഒരേപോലെ നേടിയ ദുർഗ്ഗ കൃഷ്ണ, തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ കേരള കൗമുദിയോട് പങ്കുവയ്ക്കുന്നു.

'വിമാനം' എന്ന ചിത്രത്തിലൂടെ അപ്രതീക്ഷിതമായാണ് സിനിമാ രംഗത്ത് വരുന്നത്?

സിനിമയെന്ന മീഡിയത്തെ ചെറുപ്പം മുതലേ ആസ്വദിക്കാറുണ്ടായിരുന്നു. പക്ഷേ ഭാവിയിൽ ഒരു നടി ആകണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. ഒരു സുഹൃത്ത് വഴിയാണ് ഞാൻ വിമാനം എന്ന സിനിമയിൽ എത്തിയത്. അപ്പോഴും ഞാൻ സിനിമയെ സീരിയസ് ആയി കണ്ടിരുന്നില്ല. ചില സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ട് ആ ചിത്രം റിലീസാകാൻ വൈകി. ആ സമയത്തും അവസരങ്ങൾ വന്നുവെങ്കിലും ഞാൻ അതിനൊട്ടും പ്രാധാന്യം കൊടുത്തില്ല. വിമാനം റിലീസ് ചെയ്തതിനു ശേഷമാണ് എനിക്ക് എന്റെ അഭിനയത്തിൽ ആത്മവിശ്വാസം ഉണ്ടായത്. സത്യത്തിൽ എനിക്ക് വീണ്ടും സിനിമ ചെയ്യണം എന്ന ആഗ്രഹവും അവിടെ നിന്നാണ് ലഭിച്ചത് . അതിനു ശേഷം സിനിമയെക്കുറിച്ച് ഞാൻ കൂടുതൽ പഠിക്കാൻ തുടങ്ങി. അഭിനയം എന്ന കലയെ ഞാൻ കൂടുതലായി ഇഷ്ടപ്പെടാനും ആസ്വദിക്കാനും തുടങ്ങി.

 'ഉടലിലെ ഷൈനി'യെപ്പോലെയുള്ള വ്യത്യസ്ത കഥാപാത്രങ്ങളിൽ തിളങ്ങിയല്ലോ?

എല്ലാം യാദൃശ്ചികമാണ്. ഏതൊരു ആർട്ടിസ്റ്റും കഥ കേൾക്കുമ്പോൾ രൂപമില്ലാത്ത ഒരാളെയാണ് അവർ അറിയുന്നത്. കഥാപാത്രത്തിന്റെ ചുറ്റുപാടുകൾ തിരിച്ചറിഞ്ഞ്, അതിനൊരു രൂപംകൊടുക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും എനിക്ക് കിട്ടുന്ന കഥാപാത്രത്തിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്താറുണ്ട്. അവയെല്ലാം ആ വേഷത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് എന്നാണ് ഞാൻ കരുതുന്നത്. സിനിമയിൽ വന്നതിനു ശേഷം ഒരുപാട് കാര്യങ്ങൾ പഠിച്ച ഒരാൾ ആണ് ഞാൻ. എന്നിലേക്കെത്തുന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്ത്രീ പുരുഷ കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യമുള്ള ചിത്രമായിരുന്നു 'ഉടൽ'. അതിലെ ഷൈനി, വളരെ വ്യത്യസ്തമായ കഥാപാത്രവുമാണ്. ആ കഥാപാത്രത്തിനു വേണ്ട ഡബ്ബിംഗ് പോലും ശ്രദ്ധിച്ചാണ് ചെയ്തത്. അതിന്റെ റിസൾട്ട് കിട്ടിയെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്.

എം.ടി യുടെ രചനകളിൽ നെറ്റ് ഫ്‌ളിക്‌സ് പ്ലാൻ ചെയ്തിരിക്കുന്ന ആന്തോളജി സീരീസിലെ ഒരു ചിത്രമാണ് 'ഓളവും തീരവും'. അതിലെ പ്രധാന കഥാപാത്രമാണല്ലേ ?

ആന്തോളജി സീരിസലേക്ക് എന്നെ വിളിക്കുമ്പോൾ അക്കാര്യം എനിക്ക് അറിയില്ലായിരുന്നു. കാരണം ആ സീരിസിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം തന്നെ പൂർത്തിയായെന്നാണ് ഞാൻ കരുതിയിരുന്നത്. 'ഓളവും തീരവും' എന്ന ചിത്രം അതേ ആന്തോളജിയുടെ ഭാഗം തന്നെയാണ് എന്നു മനസ്സിലാക്കിയപ്പോൾ സന്തോഷം തോന്നി. സത്യത്തിൽ ഞാൻ അത് ആദ്യം വിശ്വസിച്ചില്ല. അവസാനം നിമിഷം എന്നെ മാറ്റുമോ എന്ന ഭയമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ ആ വേഷത്തിൽ ഒരുപാട് പ്രതീക്ഷ വച്ചിരുന്നില്ല. ആദ്യ ടേക്ക് എടുത്തപ്പോൾ മാത്രമാണ് ഞാൻ ഈ സിനിമയുടെ ഭാഗമായി എന്നു ഞാവിശ്വാസമായത്. എം ടി സാറിന്റെ തിരക്കഥയിൽ പ്രിയൻ സാർ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി. ചെറുപ്പം മുതലേ ഞാൻ ഒരു ലാലേട്ടന്റെ ആരാധികയാണ്. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിലും വലിയ സന്തോഷവുമുണ്ട്. സന്തോഷ് ശിവൻ സാറിന്റെ ഒരു ഫ്രെയിമിനുള്ളിൽ വരാനും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. അതെല്ലാം ഈ സിനിമയിൽ സംഭവിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി. കോഴക്കോടൻ ഭാഷയിലാണ് ചിത്രം ഒരുക്കുന്നത്. സ്വന്തം നാടിന്റെ ഭാഷയിൽ അഭിനയിക്കാൻ പറ്റിയതിലും ആഹ്ളാദമുണ്ട്.

പുതിയ ചിത്രങ്ങൾ?

ആഗ്രഹങ്ങൾ ഓരോന്നായി നടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. 'കുടുക്ക് 2025', 'ഓളവും തീരവും', 'അനുരാഗം' തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ. 'അനുരാഗം' എന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ സാറിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു