
മുംബയ്: വിഖ്യാത ഗസൽ ഗായകൻ ഭൂപീന്ദർ സിംഗിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലി ബോളിവുഡ്. കുടലിൽ അർബുദം ബാധിച്ചതിനെ തുടർന്ന് മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഭൂപീന്ദർ അന്തരിച്ചത്. 82 വയസായിരുന്നു.
നാം ഗം ജായേഗ, ദിൽ ദൂൻഡ്താ ഹൈ, ദോ ദിവാനെ ഷഹർ മേ, ഏക് അകേല ഹി ഷഹർ മേ, തോഡി സീ സമീൻ തോഡാ ആസ്മാൻ, ദുനിയ ചൂതെ യാർ നാ ചൂതെ, കരോഗെ യാദ് തോ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനാണ് ഭൂപീന്ദർ സിംഗ്.
അമൃത്സറിൽ ജനിച്ച ഭൂപീന്ദർ ഡൽഹി ആൾ ഇന്ത്യ റേഡിയോയിൽ ഗായകനും സംഗീതജ്ഞനുമായാണ് കരിയർ തുടങ്ങിയത്. സംഗീത സംവിധായകൻ മദൻ മോഹനാണ് ഭൂപീന്ദറിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് മുംബയിലേക്ക് കൊണ്ടുവന്നത്. 1964ൽ ഹഖീഖത്ത് സിനിമയിൽ പാടിയായിരുന്നു ബോളിവുഡ് അരങ്ങേറ്റം.
ഗായിക മിഥാലി സിംഗാണ് ഭാര്യ. ഒരു മകനുണ്ട്.