lulumall

ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ ലുലു ഗ്രൂപ്പ് ആരംഭിച്ച ലുലുമാളിനെ വിവാദ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തോട് അദ്ദേഹം നിർദേശിച്ചു.

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന പ്രതിഷേധങ്ങൾ വച്ചുപൊറുപ്പിക്കില്ല. മതസ്പർദ്ധ വളർത്താനും അരാജകത്വം സൃഷ്‌ടിക്കാനും ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു. ലുലുമാളിന്റെ പ്രവർത്തനത്തിന് എല്ലാവിധ സുരക്ഷ ലഭ്യമാക്കാനും യോഗി നിർദേശിച്ചു.

ഒരാഴ്‌ച: ലുലുമാൾ

സന്ദർശിച്ചത് 7 ലക്ഷം പേർ

പ്രവർത്തനം ആരംഭിച്ച് ഒരാഴ്‌ചയ്ക്കിടെ ലക്‌നൗ ലുലുമാൾ സന്ദർശിച്ചത് ഏഴുലക്ഷത്തിലേറെപ്പേർ, വാരാന്ത്യത്തിൽ മാത്രം രണ്ടരലക്ഷം പേരെത്തി. ലുലു ഹൈപ്പർമാർക്കറ്റിലും വൻ വിനോദകേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്കനുഭവപ്പെട്ടു. കൺപൂർ, ഗോരഖ്പൂർ, പ്രയാഗ്‌രാജ്, വാരാണസി, ഡൽഹി തുടങ്ങി ദൂരസ്ഥലങ്ങളിൽ നിന്നുപോലും സന്ദർശകരെത്തിയെന്ന് ലുലുമാൾ ജനറൽ മാനേജർ സമീർ വർമ്മ പറഞ്ഞു.