
കോഴിക്കോട്: ഇൻഡിഗോ വിമാനകമ്പനിയുടെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ആറു മാസത്തെ നികുതി അടയ്ക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് കോഴിക്കോട് ആർ ടി ഒ അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ലോ ഫ്ളോർ ബസാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. അറ്റകുറ്റപ്പണികൾക്കായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ബസ് കോഴിക്കോട് ഫറോക്കിലുള്ള വർക്ക്ഷോപ്പിലെത്തിച്ചപ്പോഴാണ് ആർ ടി ഒയുടെ നടപടി.
ബസിന് ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് അധികൃതർ വ്യക്തമാക്കി. പിഴയും നികുതിയും ഉൾപ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. ഫറോക്ക് ജോയിന്റ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി നടപടിക്ക് ബന്ധമില്ലെന്നും ബസ് വിമാനത്താവളത്തിനുള്ളിലായിരുന്നതിനാലാണ് ഇതുവരെയായും പിടിച്ചെടുക്കാൻ സാധിക്കാത്തതെന്നും ഇപ്പോൾ വിമാനത്താവളത്തിൽ നിന്നും പുറത്തിറക്കിയതിനാലാണ് പിടിച്ചെടുത്തതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വിശദീകരിച്ചു. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനു കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാന കമ്പനി മൂന്ന് ആഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം നടക്കുന്നതിനിടെയാണ് കമ്പനിയുടെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.