
ചണ്ഡീഗഡ്: അനധികൃത ഖനനം നടക്കുന്നയിടത്ത് പരിശോധനയ്‌ക്കെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ കൊലപ്പെടുത്തി. ഹരിയാനയിലെ നുഹ് ജില്ലയിൽ പഞ്ച്ഗാവോൻ ഗ്രാമത്തിലാണ് സംഭവം. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ സുരേന്ദ്ര സിംഗ് ബിഷ്‌ണോയിക്കാണ് ജീവൻ നഷ്‌ടമായത്. പഞ്ച്‌ഗാവോൻ ഗ്രാമത്തിൽ ആരവല്ലി മലനിരകളുടെ ചുവട്ടിൽ അനധികൃത ഖനനം നടക്കുന്നതിന്റെ വിവരം ലഭിച്ച ബിഷ്‌ണോയ് തന്റെ ടീമിനൊപ്പം ഇവിടെത്തി. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു ഇത്. ഈ സമയം ഒരു ഡംബർ ലോറി ഇവിടെ മണൽ നിറയ്‌ക്കുകയായിരുന്നു.
ലോറി തടഞ്ഞ ബിഷ്ണോയ് ഡ്രൈവറോട് ലൈസൻസും രേഖകളും ചോദിച്ചു. ഇതോടെ ഭയന്നുപോയ ഡ്രൈവർ ഡിഎസ്‌പിയുടെ നേരെ ലോറി ഓടിച്ചുകയറ്റുകയായിരുന്നു. ഇതിന് ശേഷം ലോറി ഓടിച്ചുകടന്നുകളഞ്ഞു. അഞ്ച് കിലോമീറ്ററോളം പൊലീസ് ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ലോറി പിന്തുടർന്ന് നിർത്തിയപ്പോഴേക്കും ഡ്രൈവർ കടന്നുകളയുകയായിരുന്നു. ഇയാൾക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നതായി ഹരിയാന പൊലീസ് അറിയിച്ചു. സുരേന്ദ്ര സിംഗ് ബിഷ്‌ണോയിയെ രക്ഷസാക്ഷിയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് നഷ്‌ടപരിഹാരമായി ഒരുകോടി രൂപ നൽകുമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.