
ന്യൂഡൽഹി: കൊല്ലം ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയെഴുതിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ചു വയ്പിച്ച സംഭവത്തിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിചിത്രവാദം ഉയർത്തിയാണ് പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർ കത്ത് നൽകിയതെന്ന് ആക്ഷേപം. പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതി കാല്പനികവും തെറ്റായ ഉദ്ദേശ്യത്തോടെയാണെന്നും ആരോപിച്ചാണ് എൻ.ടി.എയ്ക്ക് കത്ത് നൽകിയത്. കൊല്ലം കോ- ഓർഡിനേറ്റർ, പരീക്ഷാ കേന്ദ്രത്തിലെ നിരീക്ഷകൻ, പരീക്ഷാ കേന്ദ്രം സൂപ്രണ്ട് എന്നിവർ നൽകിയ കത്തിലെ വിവരങ്ങൾ ഇങ്ങനെ:
നിരീക്ഷകൻ
പരിശോധനയ്‌ക്കിടെ ഒരു പെൺകുട്ടിയുടെ വസ്‌ത്രത്തിന്റെ തോൾ ഭാഗത്ത് ലോഹ ബട്ടൺ കണ്ടെത്തിയെങ്കിലും പരീക്ഷ എഴുതാൻ അനുവദിച്ചു. അടിവസ്‌ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അങ്ങനെയൊന്നും അവിടെ നിരീക്ഷിച്ചിട്ടില്ല. രക്ഷിതാക്കളെ കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് സെന്റർ സൂപ്രണ്ട് തടഞ്ഞിരുന്നു.
പരീക്ഷാ കേന്ദ്രം സൂപ്രണ്ട്: പരീക്ഷാ കേന്ദ്രത്തിൽ മോശമായ യാതൊന്നും നടന്നിട്ടില്ല. പരാതി കാല്പനികവും തെറ്റായ ഉദ്ദേശ്യം വച്ചുള്ളതുമാണ്.
കോ- ഓർഡിനേറ്റർ: രക്ഷിതാവിന്റെ പരാതി തെറ്റായ ഉദ്ദേശ്യത്തോടെയുള്ളതാണ്. പരീക്ഷാകേന്ദ്രത്തിൽ തെറ്റായ എന്തെങ്കിലും നടപടിയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എൻ.ടി.എയ്‌ക്ക് അന്വേഷിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.