
തിരുവനന്തപുരം: താനോ തന്റെ കുടുംബാംഗങ്ങളോ ഇനി ഒരിക്കലും ഇൻഡിഗോ വിമാനകമ്പനിയുടെ വിമാനങ്ങളിൽ കയറില്ലെന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയുമായി വിമാന കമ്പനി. ലോകത്തിന് മുകളിലൂടെ പറക്കുന്നത് ഇനിയും തുടരുമെന്ന് ഇംഗ്ളീഷിൽ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ ഇൻഡിഗോ വ്യക്തമാക്കി.
റെയിൽവേ പാളത്തിന് മുകളിലൂടെ പറക്കുന്ന ഇൻഡിഗോ വിമാനത്തെ നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇൻഡിഗോയുടെ പോസ്റ്റ്. ഇൻഡിഗോ മഹാ മോശം വിമാനകമ്പനിയാണെന്നും കെ റെയിൽ വരുന്നതോടെ ഇൻഡിഗോ കമ്പനിയുടെ ആപ്പീസ് പൂട്ടുമെന്നും ജയരാജൻ പറഞ്ഞിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവരെ കായികമായി നേരിട്ട ജയരാജനെ ഇൻഡിഗോ മൂന്നാഴ്ത്തേക്ക് വിലക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം.
അതിനിടെ ഇൻഡിഗോ വിമാനകമ്പനിയുടെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ആറു മാസത്തെ നികുതി അടയ്ക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് കോഴിക്കോട് ആർ ടി ഒ അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ലോ ഫ്ളോർ ബസാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. അറ്രകുറ്റപ്പണികൾക്കായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ബസ് കോഴിക്കോട് ഫറോക്കിലുള്ള വർക്ക്ഷോപ്പിലെത്തിച്ചപ്പോഴാണ് ആർ ടി ഒയുടെ നടപടി.
ബസിന് ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് അധികൃതർ വ്യക്തമാക്കി. പിഴയും നികുതിയും ഉൾപ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. ഫറോക്ക് ജോയിന്റ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി നടപടിക്ക് ബന്ധമില്ലെന്നും ബസ് വിമാനത്താവളത്തിനുള്ളിലായിരുന്നതിനാലാണ് ഇതുവരെയായും പിടിച്ചെടുക്കാൻ സാധിക്കാത്തതെന്നും ഇപ്പോൾ വിമാനത്താവളത്തിൽ നിന്നും പുറത്തിറക്കിയതിനാലാണ് പിടിച്ചെടുത്തതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വിശദീകരിച്ചു. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനു കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാന കമ്പനി മൂന്ന് ആഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം നടക്കുന്നതിനിടെയാണ് കമ്പനിയുടെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.