
ന്യൂഡൽഹി : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ.പി. ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം. എ.എം.ആരിഫ് എം.പിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയത്.
ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് അപലപനീയമാണ്. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് ഇ.പി. ജയരാജൻ ചെയ്‌തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും എം.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിമാനക്കമ്പനിയുടെ നടപടി രാജ്യത്തെ വിമാനങ്ങളിൽ സമാന രീതിയിലുള്ള ആക്രമണങ്ങൾ വർദ്ധിക്കാൻ ഇടയാക്കുമെന്നും നിവേദനത്തിൽ പറയുന്നു.