
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാര ശക്തികൾ വന്നിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.എസ് ശബരീനാഥന് മുഖ്യമന്ത്രിയ്‌ക്കെതിരായ വധശ്രമ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനയുടെ കേന്ദ്രമാണ്. മുൻപ് എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് ഇത് എകെജി സെന്റർ ആയിരുന്നു. എന്നാൽ ഇപ്പോൾ ഗൂഢാലോചനകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ്.
മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാര കേന്ദ്രമായിരുന്ന ശക്തിയായ പ്രിൻസിപ്പൽ സെക്രട്ടറി നൂറ് ദിവസം ജയിലിൽ കിടന്നു. ആദ്യം സ്വപ്‌ന ആരോപിച്ചത് പോലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് അന്വേഷണമാണ് വേണ്ടതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ നിരപരാധിത്വം തെളിയിക്കാൻ സിബിഐ അന്വേഷണം സർക്കാർ ആവശ്യപ്പെടണമെന്നും പറഞ്ഞു.
സോളാർകേസിൽ പ്രതിയിൽ നിന്നും എഴുതിവാങ്ങിയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കേസെടുത്തിരുന്നത്. വി.ഡി സതീശൻ പറഞ്ഞു. അതേസമയം കേരളം ബനാന റിപബ്ളിക്കായെന്നും മുഖ്യമന്ത്രി ഭീരുവാണെന്നും ജാമ്യം ലഭിച്ച് പുറത്തെത്തിയ കെ.എസ് ശബരീനാഥൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണിതെന്ന് ഷാഫി പറമ്പിലും പറഞ്ഞു.