
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ഗൂഢാലോചനക്കേസിൽ കെ..എസ്. ശബരീനാഥന് ജാമ്യം ലഭിച്ചതിന് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സി.പിഎമ്മിന്റെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും പ്രതിഷേധം. പ്രവർത്തകർ സംഘം ചേർന്നെത്തി പ്രതിഷേധിക്കുകയായിരുന്നു. ശബരീനാഥനെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങളും പ്രവർത്തകർ മുഴക്കി. ഇതിനെ പ്രതിരോധിച്ച് കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കോടതി പരിസരത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.,
ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അരുവിക്കരയിലും യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. തൊളിക്കോട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
കെ എസ് ശബരീനാഥനാണ് വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോചനയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണം, അരലക്ഷം രൂപയുടെ ബോണ്ട് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.