
കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 80 ഭേദിച്ചു. തിങ്കളാഴ്ച 79.98ൽ വ്യാപാരം പൂർത്തിയാക്കിയ രൂപ ഇന്നലെ ഒരുവേള എക്കാലത്തെയും താഴ്‌ചയായ 80.05 വരെ കൂപ്പുകുത്തി. വ്യാപാരാന്ത്യം നിലമെച്ചപ്പെടുത്തി 79.92ലാണുള്ളത് (പ്രൊവിഷണൽ). കരുതൽ ശേഖരത്തിൽ നിന്ന് ഡോളർ വൻതോതിൽ വിറ്റഴിച്ച് റിസർവ് ബാങ്ക് രക്ഷയ്ക്കെത്തുകയായിരുന്നു. ഓഹരികൾ ലാഭത്തിലേറിയതും ഗുണമായി.
നാണയപ്പെരുപ്പത്തിന് തടയിടാൻ അമേരിക്ക പലിശനിരക്ക് കൂട്ടുന്നതും ക്രൂഡോയിൽ വിലവർദ്ധനയും മൂലം ഡോളറിന് പ്രിയമേറുന്നതാണ് രൂപയെ വലയ്ക്കുന്നത്. ഡോളറിലാണ് ക്രൂഡോയിൽ വ്യാപാരമെന്നതിനാൽ വില ഉയരുമ്പോൾ ഡോളറിന്റെ ഡിമാൻഡും കൂടും. ഇന്ത്യൻ ഓഹരിവിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും തിരിച്ചടിയാണ്. ഈവർഷം ഇതുവരെ 2.25 ലക്ഷം കോടി രൂപ പിൻവലിക്കപ്പെട്ടു.
അതേസമയം ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ, ടർക്കിഷ് ലിറ എന്നിവയുടെ തകർച്ച രൂപയേക്കാൾ കൂടുതലാണെന്നും യൂറോ, യെൻ എന്നിവയ്ക്കെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
നേട്ടവും കോട്ടവും
രൂപ തളരുമ്പോൾ ഇറക്കുമതിച്ചെലവേറും. പെട്രോൾ, ഡീസൽ, എൽ.പി.ജി., സ്വർണം, ഇലക്‌ട്രോണിക്‌സ്, ധാതുക്കൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് വിലയേറും. വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടും.
നാണയപ്പെരുപ്പം കൂടും; വായ്‌പാ പലിശനിരക്ക് വർദ്ധിക്കും. ജി.ഡി.പി വളർച്ച ഇടിയും.
വിദേശയാത്രയ്ക്കും വിദേശപഠനത്തിനും ചെലവേറും.
കയറ്റുമതി വ്യാപാരം ഡോളറിലാണ്. ഡോളർ ശക്തിപ്പെടുമ്പോൾ കയറ്റുമതിക്കാർക്ക് വരുമാനം ഉയരും.