
തിരുവനന്തപുരം: കേരളം ബനാന റിപ്പബ്ലിക്കായെന്ന് കെ.എസ്. ശബരീനാഥൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിലെ ഗൂഢാലോചന കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റിന് പിന്നിലെ ഗൂഢാലോചനയുടെ മാസ്റ്റർ ബ്രെയിൻ ഇ.പി. ജയരാജനാണെന്നും ശബരീനാഥൻ ആരോപിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്നും ശബരീനാഥൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വധശ്രമഗൂഢാലോചന കേസിൽ കെ എസ് ശബരീനാഥന് ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം, മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 20, 21, 22 തീയതികളിലാണ് ശബരീനാഥൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകേണ്ടത്
ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ് നിർദേശം നൽകിയെന്നും നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണിൽ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം പറഞ്ഞു.