
കോതമംഗലം: ഭൂതത്താൻകെട്ട് ബോട്ടുജെട്ടിക്ക് സമീപത്തുള്ള വീട്ടിലെ കോഴിക്കൂട്ടിൽ കയറി നാല് കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പുലർച്ചെ കോഴിക്കൂട്ടിൽ മറ്റുകോഴികൾ ഒച്ചവച്ചതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. വനപാലകരെ വിവരം അറിയിച്ചതിനെത്തുടർന്ന് പാമ്പുപിടിത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലി എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 30 കിലോയോളം തൂക്കവും 12 മീറ്റർ നീളവുമുള്ള പാമ്പിനെ കരിമ്പാനി വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തുറന്നുവിട്ടു. മലവെള്ളപ്പാച്ചിലിൽ മലമ്പാമ്പ് ഉൾപ്പെടെയുള്ളവ ഒഴുകി എത്താൻ സാദ്ധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.